ന്യൂഡല്‍ഹി: ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ നല്‍കാന്‍ അധികാരമില്ലെന്നു സുപ്രീംകോടതി.
അതിന് പകരം ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റിക്കു നല്‍കാന്‍ മാത്രമേ അധികാരമുള്ളൂ. കേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചു കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
റവന്യുരേഖയിലെ പിഴവു തിരുത്തണമെന്ന ആവശ്യവുമായി വര്‍ക്കല ജനാര്‍ദനപുരം സ്വദേശി ജി.ഊര്‍മിളയുടേയും മറ്റ് ചിലരുടേയും ഹര്‍ജിയില്‍ ഉപലോകായുക്ത 2016ല്‍ പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട വിഷയമാണ് ജഡ്ജിമാരായ വിക്രംനാഥ്, രാജേഷ് ബിന്തല്‍ എന്നിവര്‍ പരിഗണിച്ചത്.
ഒരുമാസത്തിനുള്ളില്‍ പിഴവു പരിഹരിച്ചു നികുതി സ്വീകരിക്കണമെന്നായിരുന്നു അഡീഷനല്‍ തഹസില്‍ദാര്‍ക്ക് ഉപലോകായുക്ത ഉത്തരവു നല്‍കിയത്.
എന്നാല്‍, ഇത് ലോകായുക്തയുടെ അധികാരപരിധിക്ക് പുറത്താണെന്നും മേല്‍നോട്ട അധികാരം ഇവര്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ലോകായുക്ത നിയമത്തിലെ 12(1) വകുപ്പുപ്രകാരം, ആജ്ഞാസ്വഭാവമുള്ള ഉത്തരവുകള്‍ ലോകായുക്തയ്ക്കു നല്‍കാനാകില്ല.
പരാതിക്കാരന് കക്ഷി ബുദ്ധിമുട്ടുണ്ടാക്കിയെന്നു ലോകായുക്തയ്‌ക്കോ ഉപലോകായുക്തയ്‌ക്കോ തോന്നിയാല്‍ നീതി ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിക്കു രേഖാമൂലം ശുപാര്‍ശകളോടെ റിപ്പോര്‍ട്ട് നല്‍കാം. ലോകായുക്ത ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.