ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നോ... ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ട് സുപ്രീം കോടതി

ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചതായി സുപ്രീം കോടതി. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് താക്കീത് നല്‍കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വരണാധികാരി അനില്‍ മസീഹി നോട് 19 ന് നേരിട്ട് ഹാജരായി തന്റെ ഭാഗം വിശദീകരിക്കണം.

author-image
Web Desk
New Update
ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നോ... ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ട് സുപ്രീം കോടതി

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചതായി സുപ്രീം കോടതി. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് താക്കീത് നല്‍കിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് വരണാധികാരി അനില്‍ മസീഹി നോട് 19 ന് നേരിട്ട് ഹാജരായി തന്റെ ഭാഗം വിശദീകരിക്കണം. കോടതി നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ രേഖകളും തിങ്കളാഴ്ച തന്നെ രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബാലറ്റ് പേപ്പറുകളും വീഡിയോ ക്ലിപ്പുകളും സംരക്ഷിക്കപ്പെടണം. കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം കൈക്കൊള്ളുന്നത് വരെ ചണ്ഡിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എല്ലാ നടപടികളും തത്ക്കാലം കോടതി സ്റ്റേ ചെയ്തു. നാളെ നടക്കുന്ന കോര്‍പ്പറേഷന്‍ യോഗം മാറ്റിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കേസ് അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കും. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായും തിരഞ്ഞെടുപ്പ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് എഎപി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതിന് തെളിവായി ആം ആദ്മി പാര്‍ട്ടി നല്‍കിയ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റിട്ടേണിംഗ് ഓഫീസറുടെ നടപടികള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ബാലറ്റ് പേപ്പറുകള്‍ വികൃതമാക്കുന്നത് വിഡീയോയില്‍ വ്യക്തമായി കാണാം. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതാണ്.

ഇത് ഒരിക്കലും അനുവദിക്കില്ല. സോളിസിറ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതൊക്കെ സുപ്രീം കോടതി കാണുന്നുണ്ടെന്ന് റിട്ടേണിംഗ് ഓഫീസറോട് പറയു. അദ്ദേഹം ബാലറ്റ് പേപ്പറുകള്‍ നശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. റിട്ടേണിംഗ് ഓഫീസര്‍ ക്യാമറയിലേക്ക് നോക്കികൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം. ഇങ്ങനെയാണോ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണ് ഇത്. ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കില്ല. അയാളെ പ്രോസിക്യൂട്ട് ചെയ്യണം. ചീഫ് ജസ്റ്റിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജനുവരി 30 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മനോജ് സോങ്കര്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 20 അംഗങ്ങളുള്ള സഭയില്‍ എഎപി - കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ റിട്ടേണിംഗ് ഓഫീസറുടെ മുമ്പില്‍ മൂന്ന് പെട്ടികളാണ് ഉണ്ടായിരുന്നത്. ഒന്ന് എഎപി - കോണ്‍ഗ്രസ് സഖ്യത്തിന്റെയും മറ്റൊന്ന് ബി.ജെ.പിയുടെയും. മൂന്നാമത്തെത് അസാധുവിന്റെതായിരുന്നു. റിട്ടേണിംഗ് ഓഫീസര്‍ ഒരു പെട്ടിയില്‍ നിന്നും വോട്ടുകള്‍ മറ്റൊന്നിലേക്ക് മാറ്റുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വീഡിയോയില്‍ വ്യക്തമായതായാണ് സൂചന. എഎപിക്ക് വേണ്ടി പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിംഗും ചണ്ഡിഗഢ് കോര്‍പ്പറേഷന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.

chandigarh india national news mayor elections row Supreme Court