മൂന്ന് വര്‍ഷം നീണ്ട നിയമയുദ്ധം; സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി; വേറിട്ട നിലപാടുമായി ചീഫ് ജസ്റ്റിസ്

സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടി സമര്‍പ്പിച്ച 20 ഓളം ഹര്‍ജികള്‍ മൂന്ന് - രണ്ട് എന്ന ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി തള്ളി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജി 10 ദിവസം വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി തള്ളിയത്.

author-image
Web Desk
New Update
മൂന്ന് വര്‍ഷം നീണ്ട നിയമയുദ്ധം; സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി; വേറിട്ട നിലപാടുമായി ചീഫ് ജസ്റ്റിസ്

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടി സമര്‍പ്പിച്ച 20 ഓളം ഹര്‍ജികള്‍ മൂന്ന് - രണ്ട് എന്ന ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി തള്ളി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ഹര്‍ജി 10 ദിവസം വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി തള്ളിയത്. വിഷയം പാര്‍ലമെന്റിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ വിവാഹം മൗലികാവകാശമല്ലെന്ന് ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും വിധിച്ചു. എന്നാല്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടാകില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ വ്യക്തമാക്കി. സ്വവര്‍ഗ്ഗ പങ്കാളികള്‍ ഒന്നിച്ച് ജീവിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ ഇത് മൗലികാവകാശമായി അംഗീകരിച്ച് നിയമസാധുത നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീപുരുഷ വിവാഹങ്ങള്‍ക്ക് മാത്രം അംഗീകാരം നല്‍കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്ന് 3 - 2 ഭൂരിപക്ഷത്തില്‍ കോടതി വിധിച്ചു. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത നല്‍കേണ്ടത് കോടതിയല്ലെന്നും പാര്‍ലമെന്റ് ആണ് എന്നും എല്ലാ ജഡ്ജിമാരും ഏകണ്ഠമായി യോജിച്ചു.

നാല് പ്രത്യേക വിധികളാണ് വിഷയത്തില്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. ജസ്റ്റിസ് ഹിമ കോഹ്ലി പ്രത്യേക വിധി പ്രസ്താവം നടത്തിയില്ല.

നാലാം വകുപ്പിനോട് വിയോജിച്ച് ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും

പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സംബന്ധിച്ച് ബെഞ്ചിലെ ജഡ്ജിമാര്‍ തമ്മില്‍ ഭിന്നതയുണ്ടായി. നാലാം വകുപ്പ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രം വിവാഹിതരാകാനാണ് അവകാശം നല്‍കുന്നത്. ഇത് വിവേചനവും ഭരണഘടന വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് എസ്.കെ. കൗളും യോജിച്ചു.

സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി

ചീഫ് ജസ്റ്റിസിന്റെ വിധിയിലെ നിഗമനങ്ങള്‍ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ ചേര്‍ന്ന് തളളി. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ല. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. അവര്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച് ജീവിക്കാന്‍ കഴിയണം. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ വ്യക്തമാക്കി.

സ്വവര്‍ഗ്ഗ പങ്കാളികളുടെ അവകാശങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതി രേഖപ്പെടുത്തി. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

സ്വവര്‍ഗ്ഗ ദമ്പതികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യൂ, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ സമര്‍പ്പിച്ച 20 ഹര്‍ജികളില്‍ മെയ് 11 ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

സ്വവര്‍ഗ്ഗ വിവാഹം പാടത്ത് പണിയെടുക്കുന്നവരുടെതുമെന്ന് ചീഫ് ജസ്റ്റിസ്

സ്വവര്‍ഗ്ഗ ലൈംഗികതയെന്നത് ഒരു നഗരസങ്കല്പം മാത്രമല്ലെന്നും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ കൂടി കാഴ്ച്ചപ്പാടാണെന്നും ആദ്യ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. ഇത് വരേണ്യ വര്‍ഗ്ഗത്തിന്റെതല്ല. വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്നു. വിധി സംബന്ധിച്ച് ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുമുണ്ട്.

സ്വവര്‍ഗ്ഗ വിവാഹം മൗലികാവകാശമാണ്. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കേണ്ടത് നിയമ നിര്‍മ്മാണ സഭകളാണ്. കോടതിക്ക് നിയമം വ്യാഖ്യാനിക്കാനെ കഴിയു. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്ന് കയറാതിരിക്കാന്‍ കോടതി ശ്രദ്ധിക്കണം. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നു.

പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. കാരണം വിവാഹം എന്ന സങ്കല്പത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീക്കും പുരുഷനും മാത്രമല്ല ഭിന്ന ലിംഗത്തിലുള്ള എല്ലാ പങ്കാളികള്‍ക്കും വിവാഹിതരാകാന്‍ അവകാശമുണ്ട്. ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്നില്ല. എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ക്കും കുടികളെ വളര്‍ത്താനാകും. ദത്തെടുക്കാനും കുട്ടികളെ വളര്‍ത്താനുമുള്ള അധികാരം അവര്‍ക്കും നല്‍കണം. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്കും മികച്ച രക്ഷിതാക്കളാകാം. വിവാഹിതരല്ലാത്ത പങ്കാളികള്‍ക്കും ദത്തെടുക്കാം. ഇവരെ ഇതില്‍ നിന്നും തടയുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്. പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാം.

ക്വീര്‍ സമൂഹം വിവേചനം നേരിടുന്നുണ്ടോയെന്ന് ഭരണകൂടം പരിശോധിക്കണം. ക്വീര്‍ സമൂഹം സംരക്ഷിക്കപ്പെടേണ്ടത് മൗലികാവകാശത്തിന്റെ ഭാഗമാണ്. ക്വീര്‍ സൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. സംയുക്ത റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, തുടങ്ങിയവയ്ക്ക് അനുമതി വേണം. ചീഫ് ജസ്റ്റിസിന്റെ ഈ വിധിയോട് ജസ്റ്റിസ് സഞ്ജയ് കൗളും യോജിച്ചു.

അംഗീകാരം 34 രാജ്യങ്ങളില്‍, ചില രാജ്യങ്ങളില്‍ വധശിക്ഷ

സ്വവര്‍ഗ്ഗ വിവാഹത്തിന് 22 രാജ്യങ്ങളില്‍ നിയമപരമായി അംഗീകാരമുണ്ട്. ഇതടക്കം 34 രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. നെതര്‍ലാന്റ്‌സ് ആണ് 2001 ല്‍ ആദ്യമായി സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്. ഇത് നടപ്പിലാക്കിയ ആദ്യ ഏഷ്യന്‍ രാജ്യമാകട്ടെ തായ്വാനാണ്. എന്നാല്‍ ലോകത്തെ 64 രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ല. ജപ്പാന്‍ ഉള്‍പ്പെടെയുള്ള ഏഴ് വന്‍ സാമ്പത്തിക ശക്തികള്‍ പോലും അംഗീകാരം നല്‍കിയിട്ടില്ല. പാക്കിസ്ഥാന്‍, ഉഗാണ്ട, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗരതി കണ്ടെത്തിയാല്‍ ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കും. 30 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ ലൈംഗികത നിരോധിച്ചിട്ടുണ്ട്.

ക്യൂബ, അന്‍ഡോറ, സ്ലോവേനിയ, ചിലി, സ്വീറ്റ്സ്സര്‍ലാന്റ്, കോസ്റ്റാറിക്ക, ഓസ്ട്രിയ, ആസ്‌ട്രേലിയ, തായ് വാന്‍, ഇക്വഡോര്‍, ബല്‍ജിയം, ബ്രിട്ടന്‍, ഡന്മാര്‍ക്ക്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, ഐസ്ലാന്റ്, അയര്‍ലന്റ്, ലക്‌സംബര്‍ഗ്, മാള്‍ട്ട, നോര്‍വ്വെ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യു.എസ്, കൊളംബിയ, ബ്രസീല്‍, അര്‍ജന്റീന, കാനഡ, നെതര്‍ലാന്റ്സ്, ന്യൂസിലാന്റ് ഉറുഗ്വേ എന്നിവയാണ് സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ച 34 രാജ്യങ്ങള്‍. ലോക ജനസംഖ്യയുടെ 17 ശതമാനം താമസിക്കുന്നത് ഈ രാജ്യങ്ങളിലാണ്.

2020 മുതല്‍ മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടം

ന്യൂഡല്‍ഹി: 2020 മുതലുള്ള മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത തേടി നടന്നത്. 2020 ജനുവരി 27 ന് നികേഷ് പി.പി, സോനു എം.എസ് എന്നീ സ്വവര്‍ഗ്ഗ അനുരാഗികളായ ദമ്പതികളാണ് തങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടി കേരള ഹൈക്കോടതിയെ സമീപിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളിലായി ഡല്‍ഹി ഹൈക്കോടതിയില്‍ എട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തു.

2022 നവംബര്‍ 14 ന് സുപ്രിയ ചക്രബര്‍ത്തി, അഭയ് ഡാംഗ് എന്നീ സ്വവര്‍ഗ്ഗ ദമ്പതികള്‍ ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. 2022 നവംബര്‍ 25 ന് ഈ കേസും പാര്‍ത്ഥ ഫിറോസ് മെഹ്റോത്ര - ഉദയ് രാജ് ആനന്ദ് എന്നിവരുടെ ഹര്‍ജിയും ആദ്യ കേസിനൊപ്പം പരിഗണിക്കാന്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് , ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇതിന് പിന്നാലെ ഒമ്പത് കേസുകള്‍ കൂടി ആദ്യ കേസുകള്‍ക്കൊപ്പം പരിഗണിക്കാന്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളിലെയും കേസുകള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് വിട്ടു. ഇതിനിടയില്‍ 2023 മാര്‍ച്ച് 12 ന് എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതോടെ സുപ്രീം കോടതി ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. 2023 മാര്‍ച്ച് 15 ന് സമാനമായ 20 കേസുകള്‍ ഒന്നിച്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.

2023 ഏപ്രില്‍ ഒന്നിന് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് ജമാ അത്ത് ഉലമ എ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു. പിന്നാലെ ഹിന്ദു സന്യാസി വേദിയും സുപ്രീം കോടതിയിലെത്തി. 2023 ഏപ്രില്‍ 15 ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് ഹര്‍ജികള്‍ പരിഗണിച്ചു.

ഏപ്രില്‍ 17 ന് സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ത്ത് ദേശീയ ബാലാവകാശ കമ്മീഷനും സുപ്രീം കോടതിയിലെത്തി. പത്ത് ദിവസത്തെ വാദം കേട്ട ഭരണഘടന ബെഞ്ച് വിധി പറയാനായി മെയ് 11 ന് കേസ് മാറ്റിവെച്ചു.

india Supreme Court national news same sex marriages chief justice