തിരുവനന്തപുരം: ഹാർട്ട് ഫെയ്‌ലിയർ ചികിത്സാമേഖലയിൽ രാജ്യത്തെ ഏക ബയോ ബാങ്ക് പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയെ കൊളാബറേറ്റിങ് സെൻ്റർ ഓഫ് എക്സലൻസായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) തിരഞ്ഞെടുത്തു.
ബയോ ബാങ്ക് മേഖലയിൽ ഇരുസ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിക്കും. ഗവേഷണ കാര്യങ്ങളിലും പങ്കാളിത്തം ഉണ്ടാകും. 2019 ലാണ് ശ്രീചിത്രയിൽ ബയോ ബാങ്ക് പ്രവർത്തനമാരംഭിച്ചത്.
ഇതിനകം 3000 സാംപിളുകൾ ശേഖരിച്ചിട്ടുമുണ്ട്. ഹാർട്ട് ഫെയ്‌ലിയർ സംഭവിച്ചവരെ ചികിത്സിക്കുമ്പോഴും ശസ്ത്രക്രിയയ്ക്കു വിധേയമാക്കുമ്പോഴും ലഭിക്കുന്ന സാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇവ മികച്ച രീതിയിൽ സൂക്ഷിക്കുകയും ഗവേഷണത്തിന് ഉപയോഗിക്കുകയും ചെയ്യും.ഹൃദയഭിത്തിക്കു കനം കൂടുന്നതിനെപ്പറ്റി ഇപ്പോൾ നടക്കുന്ന ഗവേഷണത്തിന് സാംപിളുകൾ നൽകുന്നുണ്ടെന്നു ബയോ ബാങ്കിന്റെ ചുമതലയുള്ള കാർഡിയോളജി വിഭാഗം തലവൻ ഡോ.എസ്.ഹരികൃഷ്ണൻ പറഞ്ഞു.
രോഗികളുടെ അനുമതിയോടെയാണ് സാംപിളുകൾ എടുക്കുന്നത്. രോഗാവസ്ഥ കണ്ടെത്താനുള്ള ബിഎൻ പി ടെസ്‌റ്റ് മെഷീൻ വികസിപ്പിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. നിലവിൽ 2500 രൂപ വിപണിവിലയുള്ള മെഷീൻ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാണ് പുതിയ മോഡൽ വികസിപ്പിക്കുന്നത്.