ബംഗളൂരൂ: കര്‍ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ 5 ശരീരാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2019 ജൂലൈയിലാണ് വീട്ടിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയല്‍വാസികള്‍ പറയുന്നു.
2019 മുതല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു എന്നും വീട്ടിലുള്ളവര്‍ പുറത്തുള്ളവരുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല എന്നും അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ മൂന്നരക്കൊല്ലമായിട്ടും ഇവര്‍ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയല്‍വാസികളുടെ വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
വീടിന് മുന്നിലെ മരവാതില്‍ പൊളിഞ്ഞത് കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. നാല് അസ്ഥികൂടങ്ങള്‍ ഒരു മുറിയിലും മറ്റൊരസ്ഥികൂടം കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമായാണ്.
വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കും ഡിഎന്‍എ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഉള്ള മുറിയില്‍ കന്നഡയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹങ്ങള്‍ അഴുകി അസ്ഥികൂടമായ ശേഷം വീട്ടില്‍ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.