തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ 357.47 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. ഈ വര്‍ഷം 10.35 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു വരുമാനം.
അരവണ വില്‍പനയിലൂടെ 146 കോടി രൂപയും അപ്പം വില്‍പനയിലൂടെ 17 കോടി രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായിരുന്നു. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.
ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ഥാടനം സുഗമമാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തേക്കാള്‍ മികച്ച സൗകര്യങ്ങള്‍ അടുത്ത വര്‍ഷം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.