കൊച്ചി: ശബരിമല ക്ഷേത്രം ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പിയുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
ലോകത്തിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നവംബര്‍ മുതല്‍ ജനുവരി വരെ നീണ്ടു നില്‍ക്കുന്ന മണ്ഡല കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള ഒന്നേമുക്കാല്‍ കോടിയോളം ഭക്തരാണ് വ്രതമെടുത്ത് അയ്യപ്പദര്‍ശനത്തിന് എത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുളള ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും നിവേദനത്തില്‍ പറയുന്നു.
ക്ഷേത്രസംരക്ഷണവും ഭക്തരുടെ സുരക്ഷയും കണക്കിലെടുത്ത് ശബരിമല ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കി ഉയര്‍ത്തണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി വിജി തമ്പി പറഞ്ഞു.