ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അദ്ഭുതപ്പെടുത്തുന്നുവെന്ന് അഖിലേഷ് യാദവ് പറഞ്ഞു.കോണ്‍ഗ്രസ് തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നതായും, ആദിവാസികളുടേയും പിന്നോക്കക്കാരുടേയും പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ജാതി സെന്‍സസുമായി ബന്ധപ്പെട്ട കണക്കുകള്‍ നല്‍കാത്തത് ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി, പിന്നോക്കക്കാരുടേയും ആദിവാസികളുടേയും പിന്തുണയില്ലാതെ ജയിക്കാന്‍ സാധിക്കില്ലെന്ന്. ഇപ്പോള്‍ ജാതി സെന്‍സസ് വേണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം അത്ഭുതപ്പെടുത്തുന്നു. അവര്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന വോട്ട് അവരുടെ കൂടെ ഇല്ല എന്ന് കോണ്‍ഗ്രസിന് ബോധ്യപ്പെട്ടിരിക്കുന്നു'' അഖിലേഷ് യാദവ് പറഞ്ഞു.
മധ്യപ്രദേശില്‍ സീറ്റുനല്‍കാതെ ആംല ഒഴികെയുള്ള എല്ലാ സീറ്റിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതാണ് സമാജ് വാദ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്.
നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സീറ്റുധാരണയ്ക്ക് കോണ്‍ഗ്രസ് തയ്യാറല്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സീറ്റുധാരണയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കേണ്ടെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. തങ്ങള്‍ 'ഇന്ത്യ' യോഗത്തില്‍ പ്രതിനിധികളെ അയക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
മധ്യപ്രദേശില്‍, ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന സീറ്റുകള്‍ എസ്.പി.ക്ക് സ്വാധീനമുള്ള മേഖലയാണ്. 2018-ലെ തിരഞ്ഞെടുപ്പില്‍ എസ്.പി. ഛത്തര്‍പുരിലെ ബിജാവര്‍ സീറ്റില്‍ ജയിച്ചിരുന്നു. ഒപ്പം ആറുസീറ്റുകളില്‍ രണ്ടാംസ്ഥാനത്തുമെത്തി. 2003-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴുസീറ്റ് നേടിയിരുന്നു. അതിനുമുമ്പും സീറ്റുകള്‍ ലഭിച്ചു.
പാര്‍ട്ടിയുടെ കഴിഞ്ഞകാല പ്രകടനങ്ങളുടെയെല്ലാം വിവരണങ്ങളടങ്ങിയ ഫയലുകളുമായാണ് എസ്.പി. നേതാക്കള്‍ കമല്‍നാഥും ദിഗ്വിജയ് സിങ്ങുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയത്. രാത്രി ഒരുമണിവരെ സീറ്റുവിഭജനചര്‍ച്ചകള്‍ നീണ്ടെങ്കിലും തങ്ങളുടെ സിറ്റിങ് സീറ്റായ ബിജാവറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് എസ്.പി ഇടഞ്ഞത്.