ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് സുപ്രീം കോടതി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ലഹരി മരുന്ന് കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന കേസില്‍ സമര്‍പ്പിച്ച ഒരോ ഹര്‍ജികള്‍ക്കും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. കഴിഞ്ഞ തവണയും 10,000 രൂപ പിഴചുമത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
എത്ര തവണയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് സഞ്ജീവ് ഭട്ടിനോട് കോടതി ചോദിച്ചു. സഞ്ജീവ് ഭട്ട് വിചാരണ വൈകിപ്പിക്കുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഭട്ടിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.
കേസ് നീതിയുക്തമല്ലെന്നും അധിക തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണം. കേസിന്റെ വിചാരണ മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം. കോടതി നടപടികളുടെ ഓഡിയോ - വീഡിയോ റിക്കാര്‍ഡിംഗിന് അനുവദിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് മൂന്ന് ഹര്‍ജികളിലായി സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടത്.