മോസ്‌കോ: മെറ്റ പ്ലാറ്റ്‌ഫോമിന്റെ വക്താവ് ആന്‍ഡി സ്റ്റോണിനെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യ. 2022 ല്‍ ആരംഭിച്ച യുക്രെയ്ന്‍ യുദ്ധത്തോടെ റഷ്യ സമൂഹമാധ്യമങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒക്ടോബറോടെ മെറ്റയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മെറ്റ, റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
റഷ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പങ്കുവെച്ചിട്ടും മെറ്റ നടപടി എടുത്തില്ലെന്നായിരുന്നു റഷ്യയുടെ ആരോപണം. ഇതില്‍ മെറ്റയുടെ വക്താവായ ആന്‍ഡി സ്റ്റോണിന് പങ്കുള്ളതായി ആരോപിച്ചാണ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വ്യക്തതയില്ലാത്ത കാരണങ്ങള്‍ ചുമത്തിയാണ് സ്റ്റോണിനെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ ആഭ്യന്തര മന്ത്രാലയവും സ്റ്റോണിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു.