പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. വണ്ടിച്ചെക്കു നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പാലാ പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
അതേ സമയം, ഒരാഴ്ച മുമ്പ് വന്ന വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസം തന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമെന്ന് ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. പ്രതികാര നടപടി ആണോയെന്ന് ജനം തീരുമാനിക്കട്ടെ എന്നും ഭാര്യ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് പാലായില്‍ നിന്നുള്ള പൊലീസ് സംഘം ഗിരീഷിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തുന്നത്. 2012 മുതല്‍ നിലനില്‍ക്കുന്ന ലോറിയുടെ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസാണ്. ലോംഗ് പെന്‍ഡിംഗ് വാറന്റ് എറണാകുളത്തെ കോടതിയില്‍ നിന്ന് വന്നിട്ടുണ്ടെന്നും അതിനാല്‍ ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.