'എനിക്ക് പോകാന്‍ വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്'; അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി

തന്റെ വാഹനത്തിന് കടന്ന് പോകാന്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

author-image
Priya
New Update
'എനിക്ക് പോകാന്‍ വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്'; അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കി തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തന്റെ വാഹനത്തിന് കടന്ന് പോകാന്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ തന്റെ വാഹന വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം 15ല്‍ നിന്ന് ഒമ്പതായി വെട്ടികുറയ്ക്കാന്‍ തെലങ്കാന മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പാത പിന്തുടര്‍ന്നാണ് വാഹനയാത്രയ്ക്ക് 'സീറോ ട്രാഫിക് പ്രോട്ടോക്കോള്‍' എന്ന പ്രത്യേകാവകാശം ഉപേക്ഷിക്കാന്‍ രേവന്ത് തീരുമാനിച്ചത്.

ഗതാഗതക്കുരുക്ക് പോലുള്ള വിഷയങ്ങളില്‍ അവലോകനയോഗം നടത്തിയ മുഖ്യമന്ത്രി, സമഗ്രമായ പരിഹാരമുണ്ടാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

'എനിക്ക് ജനങ്ങളുടെ ഇടയില്‍ ജീവിക്കാനും അവരുമായി ഇടപഴകാനുമാണ് ആഗ്രഹം. ഞാന്‍ വീട്ടിലിരിക്കില്ല. ആളുകളുടെ പ്രശ്നങ്ങള്‍ അറിയാനും അവ പരിഹരിക്കാനും അവര്‍ക്കിടയില്‍ തുടരും.

എന്റെ വാഹനം കടന്നുപോകാനായി വാഹനങ്ങള്‍ തടയുന്നതിനു പകരം ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കണം'- രേവന്ത് റെഡ്ഡി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ തനിക്ക് സന്ദര്‍ശനങ്ങള്‍ നടത്തേണ്ടതുണ്ട്.

അതിനാല്‍ താന്‍ പോകുന്ന റൂട്ടുകളില്‍ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ബദല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് രേവന്ത് റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Revanth Reddy