ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമായി.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോണ്‍ക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കി ഇന്ന് ഉച്ചയ്ക്ക് രക്ഷാപ്രവര്‍ത്തനം പുനരാംഭിക്കാനാണ് ശ്രമം. വ്യാഴാഴ്ച തൊഴിലാളികളിലേക്ക് രക്ഷാകുഴല്‍ എത്താന്‍ ഏതാനും മീറ്ററുകള്‍ മുന്‍പാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടത്.
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് ഭാഗം, യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തില്‍ തകര്‍ന്നതോടെയാണ് രക്ഷാദൗത്യത്തില്‍ തടസ്സം നേരിട്ടത്.
കഠിനമായ അവശിഷ്ടങ്ങള്‍ തുരക്കാന്‍ യന്ത്രം പ്രവര്‍ത്തിക്കവേ അടിത്തറ പൂര്‍ണമായി തകരുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോണ്‍ക്രീറ്റിനുള്ള സിമന്റ് മിശ്രിതം ഉറയ്ക്കും.
അതിവേഗം ഉറയ്ക്കുന്ന സിമന്റ് ഉപയോഗിക്കുന്നതു പരിഗണിച്ചെങ്കിലും അതിന്റെ ബലത്തില്‍ അധികൃതര്‍ക്ക് സംശയങ്ങളുണ്ട്. ഇതേ തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.
ഡ്രില്ലിങ് പുനരാരംഭിച്ചാല്‍ അഞ്ചോ ആറോ മണിക്കൂറിനുള്ളില്‍ രക്ഷാകുഴല്‍ സജ്ജമാക്കാമെന്നാണു പ്രതീക്ഷിക്കുന്നത്. 6-8 മീറ്റര്‍ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.
ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു.
സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഇവരുമായി സംസാരിച്ചു. തൊഴിലാളികളെ ഓരോരുത്തരെയായി വലിയ പൈപ്പിലൂടെ ചക്രം ഘടിച്ചിച്ച സ്‌ട്രെച്ചറില്‍ പുറത്തെത്തിക്കുമെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ പറഞ്ഞു. ഇതിനായി ദുരന്ത പ്രതികരണ സേനാംഗത്തെ തുരങ്കത്തിനകത്തേക്ക് പ്രവേശിപ്പിക്കുമെന്നും കര്‍വാള്‍ വ്യക്തമാക്കി.