ഗാസ: 48 ദിവസം നീണ്ട ആക്രമണത്തിനൊടുവിൽ ഗാസയിൽ താത്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു. ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തറാണ് വെടിനിർത്തൽ വിവരങ്ങൾ പുറത്തുവിട്ടത്. ഈജിപ്തിന്റേയും യുഎസിന്റേയും സഹായത്തോടെയാണ് ഖത്തർ നയതന്ത്ര ചർച്ചകൾ നടത്തിയത്.
നാലുദിവസത്തേക്കുള്ള വെടിനിർത്തൽ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച ഗാസ മുനമ്പിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
വൈകിട്ട് 4 മണിയോടെ, ഇന്ത്യൻ സമയം വൈകിട്ട് 7.30 ന്, 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. ഇതിന് പകരം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ തടവുകാരിൽ ചിലരെയും വിട്ടയയ്ക്കും. ബന്ദികളെ എവിടെ വെച്ച് കൈമാറുമെന്ന കാര്യം രഹസ്യമാണ്.
ഗാസയിൽ നിന്ന് വെള്ളിയാഴ്ച ബോംബാക്രമണത്തിന്റെ ശബ്ദങ്ങളുണ്ടായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ നടപ്പാക്കി നാലാം ദിവസത്തിൽ മറ്റ് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താനാണ് ശ്രമം.
വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും പ്രതിദിനം ഗാസയിലെത്തും.ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്ന വിശദാംശം കൈമാറാൻ താമസമുണ്ടായതു മൂലമാണു വെടിനിർത്തൽ നടപ്പാക്കാൻ അവസാന നിമിഷം തടസ്സമായതെന്ന് റിപ്പോർട്ടുകളുണ്ട്. റെഡ്ക്രോസിന് ഗാസയിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വെടിനിർത്തൽ വൈകിച്ചു.