തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരത്തെത്തിച്ചു. അടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് രാവിലെ പത്തോടെയാണ് രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനില്‍നിന്ന് വൈദ്യ പരിശോധനക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. എസ്‌ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. ഫോഴ്‌സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് എസ്‌ഐയും രാഹുലും തമ്മില്‍ വാക്കേറ്റമുണ്ടായി.
വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കളും രംഗത്തെത്തി.
അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്നും സതീശന്‍ ആരോപിച്ചു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ബെന്നി ബെഹ്നാന്‍, ഷാഫി പറമ്പില്‍ എഎല്‍എ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കേരളത്തിലെ പൊലീസ് രാജിന്റെ ഉദാഹരണമെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.