ന്യൂഡല്‍ഹി: ഖത്തര്‍ കോടതി വധശിക്ഷയില്‍ ഇളവ് അനുവദിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മുന്ന് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. എട്ട് പേരില്‍ ഒരാള്‍ക്ക് 25 വര്‍ഷവും നാല് പേര്‍ക്ക് 15 വര്‍ഷം വീതവും രണ്ട് പേര്‍ക്ക് 10 വര്‍ഷം വീതവും ഒരാള്‍ക്ക് മൂന്ന് വര്‍ഷവും തടവ് ശിക്ഷയാണ് അപ്പീല്‍ കോടതി നല്‍കിയതായാണ് അറിയുന്നത്.
നാവികര്‍ ജോലി ചെയ്ത ദഹ്‌റ ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് ഏറ്റവും കൂടുതല്‍ 25 ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
എന്നാല്‍, ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. വിധി പകര്‍പ്പ് സംബന്ധിച്ച് ഇന്ത്യന്‍ എംബസി നിയമ വിദഗ്ധരുമായും തടവിലുള്ളവരുടെ ബന്ധുക്കളുമായും ചര്‍ച്ച നടത്തുകയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ശിക്ഷ പൂര്‍ണ്ണമായി റദ്ദാക്കാന്‍ കുടുംബാംഗങ്ങള്‍ പരമോന്നത അപ്പീല്‍ കോടതിയായ കാസേഷന്‍ കോടതിയെ സമീപിക്കാനാണ് ആദ്യം ശ്രമിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വിദഗ്ധര്‍ പറയുന്നു.
2015 ലെ ഇന്ത്യ- ഖത്തര്‍ കരാര്‍ അനുസരിച്ച് ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ ശിക്ഷ ലഭിച്ചാല്‍ ശിഷ്ട കാലം സ്വന്തം രാജ്യത്ത് അനുഭവിക്കാമെന്ന് ധാരണയിലെത്തിയിരുന്നു. തടവിലുള്ള വരുമായി ചില കുടുംബാംഗങ്ങള്‍ സംസാരിച്ചതായാണ് വിവരം.