ന്യൂഡല്‍ഹി:പ്രതികൂല സാഹചര്യത്തിലും ഇന്ത്യ മുന്നേറിയെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. നമ്മുടെ രാജ്യം പുരോഗതിയുടെ പാതയിലാണ്. 75-ാം റിപ്പബ്ലിക് ദിനം നമുക്ക് അഭിമാന മുഹൂര്‍ത്തമാണ്. രാജ്യം പുതിയ ഉയരങ്ങളിലെത്താന്‍ ഓരോ പൗരനും പ്രയത്‌നിക്കണം. നമ്മുടെ മൂല്യങ്ങളെ കുറിച്ച് ഓര്‍മിക്കേണ്ട സമയമാണിത്. അവര്‍ പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ പുനര്‍ പ്രകാശിപ്പിക്കുന്നതിനുള്ള ഒരു പുതിയ യുഗനിര്‍മ്മാണമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിലൂടെ നടന്നത്. ഇതൊരു നാഴികക്കല്ലായി ചരിത്രകാരന്മാര്‍ വിലയിരുത്തും. സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്ര നിര്‍മ്മാണം ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകവും ഒപ്പം രാജ്യത്തിന്റെ നിയമസംവിധാനത്തോടുള്ള വിശ്വാസത്തിന്റെ രേഖ കൂടിയാണ്. ഇത് രാജ്യത്തിന് ചരിത്രപരമായി വളരെ പ്രധാനപ്പെട്ട നിമിഷം കൂടിയായിരുന്നു. രാഷ്ട്രപതി വ്യക്തമാക്കി.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ രാഷ്ട്രപതി അനുസ്മരിച്ചു. കര്‍പ്പൂരി ഠാക്കൂര്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളായിരുന്നുവെന്നും അവരുടെ ക്ഷേമത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമൂഹ്യ നീതിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച കര്‍പ്പൂരി ഠാക്കുറിനെ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പിന്നാക്ക രാഷ്ട്രീയത്തിന്റെ വഴികാട്ടിയായി ഞാന്‍ കണക്കാക്കിയിരുന്നു. അവര്‍ പറഞ്ഞു.
നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖം ആരംഭിച്ചിരിക്കുന്നത്. ഈ ആമുഖം ആഘോഷിക്കുന്ന ദിനമാണ് റിപ്പബ്ലിക് ദിനം. നമ്മുടെ ഭരണഘടന ജനാധിപത്യം എന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തേക്കാള്‍ എത്രയോ പഴക്കം ചെന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവാണെന്ന് വിളിക്കുന്നു. രാഷ്ട്രപതി വ്യക്തമാക്കി.
ഇന്ത്യ ഇന്ന് അമൃത കാലത്തിലൂടെ നിരവധി സങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമായി മാറിയിരിക്കുന്നു. ഭാവിയില്‍ ഒരു പാട് മേഖലകളില്‍ അവസരങ്ങളുണ്ടാകും. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. അവര്‍ പുതിയ അതിര്‍ത്തികള്‍ തേടുകയാണ്. അവരുടെ ആത്മവിശ്വാസമാണ് നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നത്.
ചരിത്രപരമായ വനിത സംവരണ ബില്‍ പാസാക്കിയപ്പോള്‍ ലിംഗസമത്വം എന്ന ആദര്‍ശത്തിലേക്കും നാം മുന്നേറി. നാരിശക്തി വന്ദന്‍ അധിനിയം സ്ത്രീ ശാക്തീകരണത്തിന്റെ വിപ്ലവകരമായ സങ്കേതമായി മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇന്ത്യ ചന്ദ്രനിലേക്ക് പോയ വര്‍ഷം കൂടിയായിരുന്നു ഇത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ ആദ്യമായി ഇറങ്ങിയ രാജ്യമായി മാറി ഇന്ത്യ. നമ്മുടെ രാജ്യത്തെ മുഴുവന്‍ സേനാംഗങ്ങളെയും ഇന്ത്യ കൃതജ്ഞതയോടെ അഭിവാദ്യം ചെയ്യുന്നു. രാഷ്ട്രപതി പറഞ്ഞു.