വത്തിക്കാന്‍ സിറ്റി: ലൈംഗികാനന്ദം ദൈവത്തിന്റെ വരദാനമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എന്നാല്‍ അച്ചടക്കവും ക്ഷമയും വേണമെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. പോണ്‍ വീഡിയോകള്‍ വലിയ അപകടമുണ്ടാക്കും. പോണ്‍ കാണുന്നത് ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനില്‍ വിശ്വാസികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കാമാസക്തി ബന്ധങ്ങളുടെ ദൃഢത ഇല്ലാതാക്കും. സ്വന്തം ആവശ്യവും സന്തോഷവും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുന്നത്. പോണ്‍ കാണുന്ന വൈദികരെയും കന്യാസ്ത്രീകളെയും തനിക്ക് അറിയാം. അവര്‍ ഫോണുകളില്‍ നിന്ന് ആ പ്രലോഭനം ഒഴിവാക്കണമെന്നും പോപ്പ് ഉപദേശിച്ചു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ക്രിമിനല്‍ പോണോഗ്രഫിയെക്കുറിച്ച് മാത്രമല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിക്കാന്‍ കഴിഞ്ഞ വര്‍ഷം പോപ്പ് പുരോഹിതര്‍ക്ക് അനുവാദം നല്‍കിയിരുന്നു. കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീര്‍വാദം നല്‍കാനാണ് അനുമതി നല്‍കിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നായിരുന്നു മാര്‍പ്പാപ്പയുടെ നിലപാട്.
കര്‍ദിനാള്‍മാര്‍ക്ക് മാര്‍പ്പാപ്പ എഴുതിയ കത്തിന്റെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്.