റോം: മരണശേഷം റോമിലെ മാതാവിന്റെ വലിയ പള്ളിയില്‍ കബറടക്കപ്പെടണമെന്നാണ് ആഗ്രഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിത്യനിദ്രയിലും മാതൃഭക്തി കൈവിടാന്‍ കഴിയില്ല.
മെക്‌സിക്കന്‍ ടിവി ചാനലായ എന്‍ പ്ലസിന് അനുവദിച്ച അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. സാധാരണ വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഗ്രോട്ടോകള്‍ക്കു താഴെയാണ് സാധാരണ കാലം ചെയ്ത മാര്‍പാപ്പമാരെ കബറടക്കാറുള്ളത്.
മാര്‍പാപ്പമാരുടെ കബറടക്കവുമായി ബന്ധപ്പെട്ടു നടത്തുന്ന ദീര്‍ഘമായ ചടങ്ങുകള്‍ തന്റെ കാര്യത്തില്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു പരമാവധി ലളിതമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി. കടുത്ത ശ്വാസകോശ രോഗം ഭേദമായശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് കബറടക്കവും വിരമിക്കലുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞത്.
വിരമിക്കുകയാണെങ്കില്‍ വത്തിക്കാനു പുറത്ത് റോമിലെ ഏതെങ്കിലും വൈദിക വൃദ്ധസദനത്തില്‍ താമസിക്കണമെന്ന ആഗ്രഹം ഫ്രാന്‍സിസ് പാപ്പ നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്.