ടെക്‌സാസ്: അമേരിക്കയിലെ കത്തോലിക്കാ സഭയിലും വിശ്വാസികള്‍ക്കിടയിലും ധ്രുവീകരണ ശ്രമങ്ങള്‍ നടത്തുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ബിഷപ്പിനെ നീക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ടെക്‌സാസിലെ ടെയ്‌ലര്‍ രൂപതയിലെ ബിഷപ്പായിരുന്ന ജോസഫ് സ്ട്രിക്ലാന്‍ഡിനെയാണ് നീക്കിയത്.
ഈ ബിഷപ്പ് മാര്‍പ്പാപ്പയുടെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ജോസഫ് സ്ട്രിക്ലാന്‍ഡിനെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്ന് നീക്കുന്നുവെന്ന് വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
ഓസ്റ്റിന്‍ രൂപതാ ബിഷപ്പിന് താല്‍ക്കാലിക ചുമതല കൈമാറിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിരന്തര വിമര്‍ശകരില്‍ പ്രധാനിയാണ് ജോസഫ് സ്ട്രിക്ലാന്‍ഡ്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസ നിക്ഷേപങ്ങളില്‍ കുറവ് വരുത്താന്‍ കാരണമാകുന്നുവെന്ന് ജോസഫ് സ്ട്രിക്ലാന്‍ഡ് സമീപ കാലത്ത് പറഞ്ഞിരുന്നു. വത്തിക്കാനിലെ അന്വേഷണ സംഘം ഈ വര്‍ഷമാദ്യം ടെയ്‌ലര്‍ രൂപത സന്ദര്‍ശിച്ചിരുന്നു.
ഈ അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബിഷപ്പിനെ നീക്കിയത്.
അതേസമയം, അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വത്തിക്കാന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
വിരമിക്കാനുള്ള അവസരം ബിഷപ്പിന് നല്‍കിയെങ്കിലും വഴങ്ങാതെയിരുന്നതോടെയാണ് പുറത്താക്കിക്കൊണ്ടുള്ള മാര്‍പ്പാപ്പയുടെ ഉത്തരവ് വരുന്നത്. മുന്‍ മാര്‍പ്പാപ്പ നിയോഗിച്ച ചുമതല പൂര്‍ണമാക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ടെയ്‌ലര്‍ ബിഷപ്പ്.
എന്നാല്‍ പഴയ രീതിയിലുള്ള കുര്‍ബാന അര്‍പ്പണത്തിലെ നിയന്ത്രണങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോട് ചേര്‍ന്ന് പോകാന്‍ സാധിക്കാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് ജോസഫ് സ്ട്രിക്ലാന്‍ഡ് പ്രതികരിക്കുന്നത്.