ഡല്‍ഹി: ബ്രിക്സ് ഗ്രൂപ്പില്‍ അംഗത്വം നേടാന്‍ പാകിസ്ഥാന്‍ അപേക്ഷ നല്‍കി. 2024ല്‍ ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ പാകിസ്ഥാന്‍ അപേക്ഷ നല്‍കിയതായും അംഗത്വം നേടാന്‍ റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു.
പാകിസ്ഥാന്റെ ഈ നീക്കത്തിന് ചൈന പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ പാകിസ്ഥാന്‍ നല്‍കിയ അപേക്ഷയെ എതിര്‍ക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാന്‍ ബ്രിക്‌സ് രാജ്യങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. പാക്കിസ്ഥാന്റെ അപേക്ഷക്ക് പിന്തുണ ലഭിക്കുന്നതിനായി റഷ്യ അംഗരാജ്യങ്ങളുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണെന്ന് അംബാസഡര്‍ പറഞ്ഞു.
പാകിസ്ഥാന്റെ അംഗത്വം നിലവിലെ സന്തുലിതാവസ്ഥയും ഐക്യവും ഇല്ലാതാക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. 2006ലാണ് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ നാല് രാജ്യങ്ങള്‍ ബ്രിക് രൂപീകരിച്ചത്.
പാകിസ്ഥാന്‍ മാത്രമല്ല നിരവധി രാജ്യങ്ങളും അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും സമയമാകുമ്പോള്‍ മാത്രമേ തീരുമാനമെടുക്കൂവെന്നും സൂചനയുണ്ട്.