ഖത്തറില്‍ മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ, പ്രധാനമന്ത്രി നേരിട്ട് ഇടപെടും

ഖത്തറില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടും. ഉടനെ പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി സംസാരിക്കുമെന്നറിയുന്നു.

author-image
Web Desk
New Update
ഖത്തറില്‍ മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ, പ്രധാനമന്ത്രി നേരിട്ട് ഇടപെടും

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: ഖത്തറില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടും. ഉടനെ പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി സംസാരിക്കുമെന്നറിയുന്നു. തടവില്‍ കഴിയുന്ന നാവികരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വളരെ പ്രധാനപ്പെട്ട നയതന്ത്ര വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

പ്രതീക്ഷയുടെ കിരണം ഇന്ത്യ-ഖത്തര്‍ ഉടമ്പടി

ഖത്തറുമായി 2015 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ഏര്‍പ്പെട് ഉടമ്പടിയാണ് ശിക്ഷിക്കപ്പെട്ട എട്ട് മുന്‍ നാവികരുടെ മുമ്പിലുള്ള പ്രതീക്ഷയുടെ കിരണം. ശിക്ഷിക്കപ്പെടുന്നവരുടെ സാമൂഹിക പുനരധിവാസം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ-ഖത്തര്‍ ഉടമ്പടിയുണ്ടാക്കിയത്. ശിക്ഷിക്കപ്പെട്ട പൗരന്മാരെ അവരുടെ രാജ്യത്ത് അതേ ശിക്ഷ അനുഭവിക്കാന്‍ അയക്കുന്ന വ്യവസ്ഥ ഈ ഉടമ്പടിയിലുണ്ട്. എന്നാല്‍ വധശിക്ഷ ഈ ഉടമ്പടിയുടെ ഭാഗമാകുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ച ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ മുകളില്‍ രണ്ട് കോടതികള്‍ കൂടിയുണ്ട്.

ഇവിടെ നല്‍കുന്ന അപ്പീലില്‍ വധശിക്ഷയില്‍ നിന്ന് മാറി മറ്റ് തടവ് ശിക്ഷ ലഭിച്ചാല്‍ ഉടമ്പടി അനുസരിച്ച് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താനുള്ള നടപടിക്രമം വളരെ എളുപ്പമാകും. പ്രധാനമന്ത്രി ഖത്തര്‍ അമീറ്റമായി സംസാരിക്കുന്നതോടൊപ്പം ഉടനെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളും സ്വീകരിക്കും. ഇതാണ് ഇപ്പോള്‍ ഇന്ത്യയുടെ മുമ്പിലുള്ള വഴി.

2018 ലെ ഇന്ത്യ- ഖത്തര്‍ പ്രതിരോധ ഇടപാടിനെ തുടര്‍ന്നാണ് ഈ മുന്‍ ഇന്ത്യന്‍ നാവികര്‍ ഖത്തര്‍ നാവിക സേനയ്ക്ക് വേണ്ടി അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക് നോളജീസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

2022 ആഗസ്ത് 30 ന് കമ്പനിയുടെ ഉടമയെയും 8 ഇന്ത്യക്കാരെയും ഖത്തര്‍ സുരക്ഷ സേന അറസ്റ്റ് ചെയ്തു. 

റിട്ടയേഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ കൂടിയായ ഉടമയും മുന്‍ ഒമാന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും ഖത്തര്‍ പൗരനുമായ ഖമീസ് അല്‍ അജ്മിയെ 2022 നവംബര്‍ മാസം മോചിപ്പിച്ചു. 2023 മാര്‍ച്ച് 29 ന് കേസിന്റെ വിചാരണ തുടങ്ങി. എട്ട് പേരെയും ഏകാന്ത തടവിലാക്കി. 2023 സെപ്തംബര്‍ 30 ന് കുടുംബവുമായി വളരെ ഹൃസ്വമായ ടെലിഫോണ്‍ സംഭാഷണത്തിന് അനുമതി നല്‍കി.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന അന്നത്തെ ഖത്തറിലെ ഇന്ത്യന്‍ പ്രതിനിധി ദീപക് മിത്തല്‍ തടവിലുള്ളവരെ കണ്ട് സംസാരിച്ചു. 2023 ഒക്ടോബര്‍ 3 ന് ഖത്തര്‍ കോടതി കേസില്‍ ഏഴാമത്തെ വാദം കേട്ടു. 2023 ഒക്ടോബര്‍ 26 ന് എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചു.

ഖത്തറിന്റെ സ്റ്റെല്‍ത്ത് അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട രഹസ്യം ഇസ്രായേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഖത്തറിന്റെ അന്നത്തെ ഇന്റര്‍നാഷണല്‍ മിലിട്ടറി ഓപ്പറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ താരിഖ് ഖാലിദ് അല്‍ ഒബൈദ്ലിയെ ഖത്തര്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

india qatar court narendra modi