ഡല്‍ഹി: രാജ്യത്തിനിത് അഭിമാന നിമിഷം. ഇന്ത്യ വികസിപ്പിച്ച അഗ്നി 4 മിസൈലിന്റെ പരീക്ഷണം വിജയകരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന്റെ സൈനിക ശക്തി വിളംബരം ചെയ്യുന്ന പ്രഖ്യാപനം നടത്തിയത്.
മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടത്തിയത്. ആണവായുധ പ്രഹരശേഷിയുള്ള ഈ ദീര്‍ഘ ദൂര മിസൈല്‍ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
ഇതിന് 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. 17 മീറ്റരാണ് മിസൈലിന്റെ നീളം. ഭാരം 50 ടണ്ണും.
തദ്ദേശീയ ഏവിയോണിക്‌സ് സംവിധാനങ്ങളും ഉയര്‍ന്ന കൃത്യതയുള്ള സെന്‍സര്‍ പാക്കേജുകളും മിസൈലിന്റെ പ്രത്യേകതയാണ്. ടാര്‍ഗെറ്റ് പോയിന്റുകളില്‍ കൃത്യതയോടെ എത്തിച്ചേരാനുള്ള ശേഷിയും ഇതിനുണ്ട്.
2012 ലാണ് മിസൈല്‍ ആദ്യമായി വിജയകരമായി പരീക്ഷിച്ചത്. ഒരൊറ്റ മിസൈല്‍ കൊണ്ട് ഒന്നിലധികം പ്രദേശങ്ങളില്‍ ആക്രമിക്കാന്‍ സാധിക്കും എന്നാണ് അഗ്നി 5 മിസൈലിന്റെ പ്രത്യേകത. ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് അഗ്നി മിസൈല്‍.
ഇതോടെ മള്‍ട്ടിപ്പിള്‍ ഇന്റിപെന്റന്റിലീ ടാര്‍ഗെറ്റബിള്‍ റീ എന്‍ട്രി വെഹിക്കിള്‍ ടെക്‌നോളജിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും കടന്നു. ഇന്ത്യയെക്കൂടാതെ ചൈന, ഫ്രാന്‍സ്, അമേരിക്ക, ഇസ്രായേല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ ഈ സാങ്കേതികവിദ്യയുണ്ട്. മിഷന്‍ ദിവ്യാസ്ത്രയുടെ പ്രോജക്ട് ഡയറക്ടര്‍ ഒരു വനിതയാണ്.