ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തീരുമാനം നടപ്പിലാക്കുന്നതിന് അനുകൂല നിലപാടുമായി ദേശീയ നിയമ കമ്മീഷന്‍. ഇതിനിടെ ബുധനാഴ്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാദ്ധ്യത സംബന്ധിച്ച സമിതി യോഗം സമിതിയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാജിക്ക് അംഗീകാരം നല്‍കി. ബുധനാഴ്ച സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു.
യോഗത്തില്‍ ദേശീയ നിയമ കമ്മീഷന്‍ ചെയര്‍മാന്‍ റിതുരാജ് അവസ്തി, കമ്മീഷന്‍ അംഗം ഡോ. ആനന്ദ് പല്ലിവാള്‍ എന്നിവരും പങ്കെടുത്തു.
2029 ല്‍ ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പുകളും നടത്താനുള്ള പദ്ധതിയുടെ രൂപരേഖ നിയമ കമ്മീഷന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചു. ഒറ്റ തിരഞ്ഞെടുപ്പില്‍ നടപ്പാക്കേണ്ട പദ്ധതിക്കായി നിലവിലുള്ള നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് നിയമ കമ്മീഷന്‍ തയ്യാറാക്കിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ച കഴിഞ്ഞ് മാത്രമെ കമ്മീഷന്‍ രാംനാഥ് കോവിന്ദ് സമിതിക്ക് കൈമാറുകയുള്ളു.