കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് പോലീന് ഹൈക്കോടതി നിര്‍ദേശം. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തില്‍, വിദ്വേഷം പ്രചരിപ്പിക്കല്‍ സമൂഹങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് നേരത്തെ കേസെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കേന്ദ്രമന്ത്രിക്കെതിരേ കടുത്ത നടപടികള്‍ പാടില്ലായെന്ന് പോലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അതിനിടെ, സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഡിസംബര്‍ 26വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. നവംബര്‍ 15-നാണ് കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചത്.
തുടര്‍ന്ന് ഈ മാസം 29 വരെ ഡൊമിനിക് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഡിസംബര്‍ 26 വരെ നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഓണ്‍ലൈനായാണ് മാര്‍ട്ടിനെ ഹാജരാക്കിയത്.