കല്പറ്റ: കോഴിക്കോട് മരുതോങ്കരയില്‍നിന്ന് പിടികൂടിയ 12 വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച് ആന്റിബോഡി കണ്ടെത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഐ.സി.എം.ആറില്‍നിന്ന് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ലക്കിടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യഘട്ടത്തില്‍ നിപ ബാധിത മേഖലകളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ഇത്തവണ രോഗം ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശിയുടെ വീട്ടുപരിസരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണവകുപ്പ് വിദഗ്ധര്‍ വവ്വാലുകളെ പിടികൂടി സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചെങ്കിലും 36 സാംപിളുകള്‍ നെഗറ്റീവായിരുന്നു.
വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായെങ്കിലും വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിപബാധിതമേഖലകളില്‍ ഇത്തവണ വ്യാപകമായി കാട്ടുപന്നികള്‍ ചത്തതും ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍, പന്നികള്‍ ചത്തത് ആഫ്രിക്കന്‍ പന്നിപ്പനി മൂലമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
1998-ല്‍ മലേഷ്യയില്‍, ലോകത്താദ്യമായി നിപ ബാധയുണ്ടായത് പന്നികളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നാണെന്ന് കണ്ടെത്തിയിരുന്നു. വവ്വാലുകളില്‍നിന്നായിരുന്നു വളര്‍ത്തുപന്നികളില്‍ വൈറസ് പരന്നത്.
കേരളത്തില്‍ നാലുതവണ നിപബാധയുണ്ടായെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.