കൊട്ടാരക്കര: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജില്ലയിലെ എല്ലാ ഡിവൈ.എസ്.പി.മാരെയും ഉള്‍പ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ദക്ഷിണമേഖലാ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.
ഡി.ഐ.ജി. ആയിരിക്കും അന്വേഷണം ഏകോപിപ്പിക്കുക. ഫോണ്‍ കോള്‍, സി.സി.ടി.വി പരിശോധന, വാഹനപരിശോധന, ശാസ്ത്രീയാന്വേഷണം, സംശയമുള്ളവരെ നിരീക്ഷിക്കല്‍, സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം തുടങ്ങിയവ നടപടികള്‍ക്കായി പത്ത് ടീമുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഏതുവിധേനയും വാഹനം കണ്ടെത്തെണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നിട്ട് 3 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
റൂറല്‍ എസ്.പി. കെ.എം.സാബു മാത്യു, എ.എസ്.പി. ആര്‍.പ്രതാപചന്ദ്രന്‍ നായര്‍ എന്നിവരും ജില്ലയിലെ എല്ലാ ഡിവൈ.എസ്.പി.മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സ്‌പെഷ്യല്‍ ബ്രാഞ്ച്, സൈബര്‍ സെല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.