ചോദ്യം ചെയ്യാനും സാക്ഷി പറയാന്‍ വിളിപ്പിക്കാനും നോട്ടീസ് നിര്‍ബന്ധം ; സ്ത്രീകളെയും കുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് മാര്‍ഗ നിര്‍ദേശം പുതുക്കി

വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ചു എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

author-image
Web Desk
New Update
 ചോദ്യം ചെയ്യാനും സാക്ഷി പറയാന്‍ വിളിപ്പിക്കാനും നോട്ടീസ് നിര്‍ബന്ധം ; സ്ത്രീകളെയും കുട്ടികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് മാര്‍ഗ നിര്‍ദേശം പുതുക്കി

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ചു എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇവരെ താമസ്ഥലത്തെത്തി മാത്രം ചോദ്യം ചെയ്യണം. ഇതിന് വനിതാ പൊലീസിന്റെയും സ്ത്രീയുടെ മറ്റ് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും വേണം. 65 വയസില്‍ മുകളിലുള്ളവരെയും ശാരീരിക വെല്ലുവിളി നേരിടുന്നവരെയും താമസ സ്ഥലത്തെത്തി വിവരങ്ങള്‍ ആരായണം. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് പത്തുവര്‍ഷം മുമ്പ് നിലവില്‍ വന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്.

എതെങ്കിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്താനുണ്ടെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണം. അയാള്‍ അത് പാലിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ആവശ്യത്തില്‍ കോടതി ഉത്തരവനുസരിച്ച് അറസ്റ്റ് ചെയ്യാം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ നിശ്ചിത മാതൃകയില്‍ നോട്ടീസ് നല്‍കണം. സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണെന്നും നിര്‍ദ്ദേശത്തിലുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ നോട്ടീസ് കൈപറ്റി രസീത് വാങ്ങണം. ക്രിമിനല്‍ നടപടി പ്രകാരം കോടതി അനുമതിയില്ലാതെ വ്യക്തികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. ഈ നടപടി ക്രമങ്ങള്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം 2011 ല്‍ പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്.

questioning inquiry circular Latest News newsupdates kerala police supreme court of india