ഇസ്ലാമാബാദ്: നാലുവര്‍ഷമായി ലണ്ടനിലായിരുന്നു പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫ് ശനിയാഴ്ച പാകിസ്ഥാനിൽ തിരിച്ചെത്തും. ശനിയാഴ്ച വൈകിട്ട് ലഹോറില്‍ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്‌നവാസ് (പിഎംഎല്‍-എന്‍) സംഘടിപ്പിക്കുന്ന റാലിയില്‍ ഷരീഫ് പ്രസംഗിക്കും.
ലണ്ടനില്‍നിന്നുള്ള യാത്രയ്ക്കിടെ പ്രത്യേകവിമാനത്തില്‍ ദുബായിലെത്തിയ നവാസ് ഷരീഫ് അവിടെവച്ചു വിവിധ സംഘടനാനേതാക്കളുമായി ചര്‍ച്ചയിൽ ഏർപ്പെട്ടിരുന്നു. 24 വരെ അറസ്റ്റ് തടഞ്ഞുള്ള ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി നവാസിന് അനുവദിച്ചിരുന്നു.
ആദ്യം തലസ്ഥാനമായ ഇസ്ലാമാബാദില്‍ എത്തുകയും അവിടെ നിന്നും നവാസ് ലാഹോറിലേക്കു പോവുകയും ചെയ്യും. നവാസ് ഷെരീഫ് തിരിച്ചെത്തുമ്പോള്‍ സ്വീകരണം ഉജ്വലമാക്കാന്‍ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് പ്രവര്‍ത്തകാരോട് ആഹ്വാനം ചെയ്തിരുന്നു.
ജനുവരി അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ നവാസിന്റെ സാന്നിധ്യം അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിക്കുമെന്നാണ് പിഎംഎല്‍ എന്‍ വിലയിരുത്തല്‍. നവാസ് പ്രചാരണത്തിനു നേതൃത്വം നല്‍കുമെന്നും ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്നും ഷഹബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസില്‍ 7 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു ലഹോര്‍ ജയിലില്‍ കഴിയവേയാണു ചികിത്സാര്‍ഥം 2019 നവംബറില്‍ ലണ്ടനിലേക്കു പോയത്. കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഭീഷണി ഒഴിവായെങ്കിലും ശിക്ഷ നിലനില്‍ക്കുന്നത് നവാസ് വിഭാഗത്തിന് ആശങ്കയാണ്.