ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പന്ത് വന്ത് സിംഗിനെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തു. യുഎപിഎ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എന്‍.ഐ.എ കേസെടുത്തത്.
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ നടക്കുന്ന നവംബര്‍ 19 ന് എയര്‍ ഇന്ത്യ വിമാനം അപകടത്തിലാക്കുമെന്ന് പന്നു ഭീഷണിയുയര്‍ത്തിയിരുന്നു. ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡല്‍ഹി വിമാനത്താവളത്തിന്റെ പേര് മാറ്റണമെന്നും പന്നു ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 19 ന് സിഖ് ജനത എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യരുത്. യാത്ര ചെയ്താല്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും. കാരണം അന്ന് ആഗോള ഉപരോധമുണ്ടാകും. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് ഞങ്ങള്‍ പകരം ചോദിക്കും. പന്നു വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇതിനെ തുടര്‍ന്ന് കാനഡ ഉള്‍പ്പെടെ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്ന രാജ്യങ്ങളില്‍ മുഴുവന്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സിഖ്ഭീകര സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ജനറല്‍ കോണ്‍സല്‍ ആയ പന്നുവിന്റെ വീടും മറ്റ് വസ്തുവകകളും കണ്ടു കെട്ടിയിരുന്നു.
ഇതിന് പുറമെ കാനഡയിലുള്ള സിഖ് ഭീകര സംഘടന നേതാക്കളുടെ പട്ടികയും എന്‍.ഐ.എ തയാറാക്കിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും ആഡംബര ഹോട്ടലുകളിലും ക്രൂയിസുകളിലും നിശക്ലബ്ബുകളിലും ബാറുകളിലും വന്‍ സാമ്പത്തിക നിക്ഷേപമുള്ളതായും എന്‍.ഐ.എക്ക് ലഭ്യമായിട്ടുണ്ട്.