ന്യൂഡല്‍ഹി: ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയില്‍ നടക്കുന്ന ജി 77, ചൈന മൂന്നാം ദക്ഷിണ ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഭാരതത്തെ പ്രതിനിധീകരിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് മന്ത്രിയുടെ ഉഗാണ്ട സന്ദര്‍ശനം.
ഉച്ചകോടിയില്‍ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കുന്ന മന്ത്രി, ജി-77 അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളിലും പങ്കെടുക്കും. ഉഗാണ്ടയിലെ പ്രവാസി സമൂഹത്തെയും വി.മുരളീധരന്‍ അഭിസംബോധന ചെയ്യും.
രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഐക്യവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 134 അംഗരാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ യോഗം ചേരുന്നത്. വസുധൈവ കുടുംബകം എന്ന ഭാരതത്തിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണ് ഉച്ചകോടിയുടെ പ്രമേയം. വ്യാപാരം, നിക്ഷേപം, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജനം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്നീ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.