തിരുവനന്തപുരം: കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദ് ആത്മഹത്യ ചെയ്യാന്‍ കാരണം പിആര്‍എസ് കുടിശികയല്ലെന്ന് മന്ത്രി ജിആര്‍ അനില്‍. കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പാ കുടിശികയില്ല.
പിആര്‍എസ് വായ്പാ കുടിശിക കാരണം സിബില്‍ സ്‌കോര്‍ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യമില്ലെന്നും ജി ആര്‍ അനില്‍ പറഞ്ഞു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്.
പ്രസാദിന്റെ ആത്മഹത്യ ഏറെ ദുഃഖകരമാണ്. കര്‍ഷകരുടെ പക്കല്‍ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് ശരിയല്ല.
രണ്ടു ദിവസം അവധിയാണ് അതിനുശേഷം കാര്യങ്ങള്‍ മാധ്യമങ്ങളും പരിശോധിക്കണം. സാധാരണ കര്‍ഷകര്‍ ചെല്ലുമ്പോള്‍ വായ്പ നല്‍കാതിരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ സ്വീകരിച്ച ഒഴിവുകഴിവാണോ എന്ന് അറിയില്ല. പ്രസാദ് പാട്ടകൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സര്‍ക്കാര്‍ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.