അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭ മേലധ്യക്ഷന്മാരെ വിമര്‍ശിച്ച് മാര്‍ത്തോമ്മാ സഭ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് രംഗത്ത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു. മണിപ്പൂര്‍ പോലെയുള്ള സംഭവങ്ങള്‍ നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാന്‍ കഴിയണം.
ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങള്‍ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങി പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്.
അതില്‍ നിന്ന് സഭ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടന്ന അടൂര്‍ ഭദ്രാസന കണ്‍വെന്‍ഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ പൗലോസിന്റെ വിമര്‍ശനം.