മറാത്ത സംവരണം: മഹാരാഷ്ട്ര കത്തുന്നു, മൂന്നംഗ സമിതി

മഹാരാഷ്ട്രയില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട വേണമെന്ന ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. ഈ ആവശ്യം നടപ്പിക്കാനായി പ്രക്ഷോഭം നടത്തുന്ന മനോജ് പാട്ടീലിന്റെ നിരാഹാര സമരത്തിനെതിരെ എന്‍.സി.പി നേതാവായ പ്രകാശ് സോളങ്കി നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായാണ് പ്രക്ഷോഭകരുടെ അക്രമം

author-image
Web Desk
New Update
മറാത്ത സംവരണം: മഹാരാഷ്ട്ര കത്തുന്നു, മൂന്നംഗ സമിതി

ന്യൂഡല്‍ഹി: മറാത്ത സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ പ്രക്ഷോഭം നടത്തുന്നവര്‍ എന്‍.സി.പി എം.എല്‍.എയുടെ വീടിന് തീയിട്ടു. എന്‍.സി.പി (അജിത് പവാര്‍ വിഭാഗം) എം.എല്‍.എ പ്രകാശ് സോളങ്കിയുടെ ബീഡ് ജില്ലയിലെ വീടിനാണ് ഞായറാഴ്ച പുലര്‍ച്ചെ തീയിട്ടത്. എം.എല്‍.എയും കുടുംബാംഗങ്ങളും വീട്ടിലുള്ളപ്പോഴായിരുന്നു അക്രമം. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനവും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു.

മഹാരാഷ്ട്രയില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത ക്വാട്ട വേണമെന്ന ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭം. ഈ ആവശ്യം നടപ്പിക്കാനായി പ്രക്ഷോഭം നടത്തുന്ന മനോജ് പാട്ടീലിന്റെ നിരാഹാര സമരത്തിനെതിരെ എന്‍.സി.പി നേതാവായ പ്രകാശ് സോളങ്കി നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായാണ് പ്രക്ഷോഭകരുടെ അക്രമം. ഒരു ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത വ്യക്തി ഇന്ന് വലിയ ആളായെന്ന് പ്രകാശ് സോളങ്കി മനോജ് പാട്ടീലിനെ പരിഹസിക്കുന്ന വീഡിയോ പ്രതികരിച്ചതിന് ശേഷമായിരുന്നു അക്രമം.

അക്രമം നടക്കുമ്പോള്‍ താന്‍ വീടിനകത്തുണ്ടായിരുന്നുവെന്ന് പ്രകാശ് സോളങ്കി പറഞ്ഞു. എന്നാല്‍ തന്റെ കുടുംബാംഗങ്ങള്‍ക്കോ സ്റ്റാഫിനോ പരിക്കൊന്നുമില്ല. എന്നാല്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയമാണിതെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ പറഞ്ഞു. എം.എല്‍.എയുടെ വീടിനാണ് തീയിട്ടത്. ആഭ്യന്തര മന്ത്രി എന്താണ് ചെയ്യുന്നത്? സുപ്രിയ സുലെ ചോദിച്ചു.

സമരത്തിന് പിന്തുണ, എം.പി സ്ഥാനം രാജിവച്ചു

മറാത്ത സംവരണ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) വിഭാഗം നേതാവ് ഹേമന്ദ് പാട്ടീല്‍ തന്റെ എം.പി സ്ഥാനം രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. മറാത്താ സംവരണ സമരത്തിന്റെ യത്മലിയിലെ വേദിയില്‍ വെച്ചാണ് അദ്ദേഹം രാജിക്കത്ത് എഴുതിയത്. ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഉടന്‍ രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

മൂന്നംഗ സമിതി രൂപീകരിക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മറാത്താ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ സമര്‍പ്പിക്കുന്നതിന് സര്‍ക്കാരിന് വേണ്ട ഉപദേശം നല്‍കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. സംവരണ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ ഭാഗമായി ജല്‍ന ജില്ലയിലെ അന്തര്‍വാലി സാരതി ഗ്രാമത്തില്‍ ഒക്ടോബര്‍ 25 മുതല്‍ മനോജ് പാട്ടീല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ തീരുമാനം.

ncp maharashtra india Maratha