വര്‍ക്കല: വര്‍ക്കലയില്‍ പഴംപൊരിയുടെ രുചിയെ ചൊല്ലി നടന്ന തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. വെട്ടൂര്‍ വലയന്റകുഴി ഒലിപ്പുവിളവീട്ടില്‍ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തില്‍ വെട്ടൂര്‍ അരിവാളം ദാറുല്‍ സലാമില്‍ ഐസക് എന്നുവിളിക്കുന്ന അല്‍ത്താഫ്(38) വര്‍ക്കല പൊലീസിന്റെ പിടിയിലായി. മേല്‍വെട്ടൂര്‍ ജംഗ്ഷനിലെ ചായക്കടയില്‍ കഴിഞ്ഞദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു സംഭവം.
ചായക്കടയില്‍നിന്നു പഴംപൊരി വാങ്ങിയ രാഹുല്‍
പഴംപൊരിക്ക് രുചി പോരെന്ന് പറഞ്ഞ് കടയുടമയോട് തര്‍ക്കിച്ചു. ഈ സമയം കടയില്‍ ചായ കുടിക്കുകയായിരുന്ന അല്‍ത്താഫ് പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് രാഹുലും അല്‍ത്താഫും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ അല്‍ത്താഫ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.