മഹുവ ഉടന്‍ ഔദ്യോഗിക വസതി ഒഴിയണം, ആല്ലാത്ത പക്ഷം പുറത്താക്കേണ്ടി വരുമെന്ന് കേന്ദ്രം

ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഉടന്‍ ഒഴിയണമെന്നും ആല്ലാത്ത പക്ഷം പുറത്താക്കേണ്ടി വരുമെന്നും കേന്ദ്രം.

author-image
Web Desk
New Update
മഹുവ ഉടന്‍ ഔദ്യോഗിക വസതി ഒഴിയണം, ആല്ലാത്ത പക്ഷം പുറത്താക്കേണ്ടി വരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എം.പി മഹുവ മൊയ്ത്രയോട് ഔദ്യോഗിക വസതി ഉടന്‍ ഒഴിയണമെന്നും ആല്ലാത്ത പക്ഷം പുറത്താക്കേണ്ടി വരുമെന്നും കേന്ദ്രം. സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാല്‍ മുന്‍ എം.പിയെ പുറത്താക്കേണ്ടിവരുമെന്ന് ഭവന നിര്‍മാണ നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് നല്‍കിയ നോട്ടീസിലാണ് പറയുന്നത്.

വസതി ഒഴിയുന്നതിനായി മഹുവയ്ക്ക് ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാലയളവില്‍ മഹുവ അനധികൃതമായി വസതി കൈവശം വച്ചിരിക്കുകയല്ലെന്ന് തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

എം.പി.മാര്‍ ഉള്‍പ്പടെയുള്ളവരുടെ വസതികളുടെയും കേന്ദ്രസര്‍ക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിനാണ്. ഡിസംബര്‍ 11-നാണ് വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്.

ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ജനുവരി 7-നു മുമ്പ് ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നായിരുന്നു മഹുവയ്ക്ക് ലഭിച്ച നോട്ടീസ്. ഇതിനെതിരെയാണ് മുന്‍ എം.പി. ഹൈക്കോടതിയെ സമീപിച്ചത്. വസതിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ നിയമപരമായി മാത്രം ചെയ്യണമെന്ന് സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് മഹുവയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കിയത്.

Latest News newsupdate mahua moitra Trinamool Congress