മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം നേതാവ്, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിക്ക് നിശാപാര്‍ട്ടി ഒരുക്കിയെന്ന് ബിജെപി നേതാവ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
1993 മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി സലിം കുത്തയ്‌ക്കൊപ്പം ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നാസിക് സിറ്റി ഘടകം അധ്യക്ഷന്‍ സുധാകര്‍ ബാദ്ഗുജര്‍ നൃത്തംചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 1993 മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സലിം പരോളില്‍ പുറത്തിറങ്ങിയിങ്ങിയതിനു പിന്നാലെയായിരുന്നു പാര്‍ട്ടി.
നാസിക്കിലെ ഫാം ഹൗസിലാണ് സുധാകര്‍ നിശാപാര്‍ട്ടി ഒരുക്കിയതെന്ന് ബിജെപി നേതാവ് നിതേഷ് റാണെ ആരോപിച്ചു. ശിവസേന ആസ്ഥാനം തകര്‍ക്കാന്‍ പദ്ധതിയിട്ടവരുമായി ഉദ്ധവ് പക്ഷത്തിന്റെ നേതാവിന് എന്താണു ബന്ധമെന്ന് റാണെ ചോദിച്ചു. തുടര്‍ന്നാണ്, ഗൗരവമുള്ള വിഷയമാണിതെന്നും അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് അറിയിച്ചത്.
അതേസമയം, സലിം കുത്തയുമായി തനിക്കു ബന്ധമില്ലെന്നും വിഡിയോ മോര്‍ഫ് ചെയ്തതാണെന്നുമാണ് സുധാകര്‍ പ്രതികരിച്ചത്. പൊതുപ്രവര്‍ത്തകനായതിനാല്‍ അയാളെ ഏതെങ്കിലും പരിപാടിക്കിടെ കണ്ടിട്ടുണ്ടാകാം. അത് തനിക്ക് ഓര്‍മയില്ല. അധോലോക കുറ്റവാളി ഇക്ബാല്‍ മിര്‍ച്ചിയുമായി ബന്ധമുള്ള എന്‍സിപി അജിത് വിഭാഗം നേതാവ് പ്രഫുല്‍ പട്ടേലിനെതിരെ നടപടിയെടുക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പ്രതികാരമാകാം തന്നോടു ചെയ്യുന്നതെന്നും സുധാകര്‍ പറഞ്ഞു.