ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ശ്രീരാമന്‍ സ്വപ്നത്തില്‍ വന്നു പറഞ്ഞതായി ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്. ഒരു പരിപാടിക്കിടെ തേജ് പ്രതാപ് യാദവ് പ്രസംഗിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.എന്നാല്‍ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
'തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു.. ജനുവരി 22-ന് രാമന്‍ വരണമെന്നത് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്നത്തിലും ശ്രീരാമന്‍ വന്നു. കാപട്യമുള്ളിടത്ത് അദ്ദേഹം വരില്ലെന്ന് പറഞ്ഞു'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന നാല് മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
തേജ് പ്രതാപിന്റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവോ പ്രതിപക്ഷകക്ഷിയായ ബിജെപിയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
മുന്‍പ് ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ ദര്‍ശിച്ചു എന്നവകാശപ്പെട്ട് തേജ് പ്രതാപ് യാദവ് രംഗത്തെത്തിയിരുന്നു. 2023 മാര്‍ച്ചിലായിരുന്നു ഇത്. അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ടതായും ഇദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ മുലായത്തിന്റെ പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ തേജ് പ്രതാപ് സംസ്ഥാന നിയമസഭയിലേക്കെത്തിയതും വാര്‍ത്തയായിരുന്നു.