തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ അനുവദനീയമായത്തിലും കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്നത് സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. അനുവദനീയമായത്തിലും ഇരട്ടി തടവുകാരെയാണ് പല ജയിലുകളിലും പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും തിരിച്ചടിയാകുന്നു.
2020 മുതല്‍ ഏകദേശം 42 തടവുപുള്ളികള്‍ വിവിധ ജയിലുകളില്‍നിന്നും കസ്റ്റഡിയില്‍നിന്നുമായി രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇതില്‍ 14 പേരെ ഇനിയും പിടികൂടാനായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനുനേരേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്റെ ആക്രമണമുണ്ടായത്. അനീഷിന്റെ തലയിലും ദേഹത്തും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍തന്നെ കൊടി സുനി സുരകഷാ ഉദ്ധ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ 149 സെല്ലുകളും 29 ബാരക്കുകളുമാണുള്ളത്. എന്നാല്‍ സുരക്ഷയ്ക്കായി 168 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെയും 56 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയും മാത്രമാണ് നിയോഗിച്ചിട്ടുള്ളത്.
മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരും രണ്ട് ഗേറ്റ് കീപ്പര്‍മാരുമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാവുന്നവരുടെ എണ്ണം 727 ആണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 1316 തടവുകാരാണ് ഇവിടെയുള്ളത്. ജില്ലാ ജയിലില്‍ 284 പേരെ പാര്‍പ്പിക്കാനാണ് സൗകര്യമെങ്കിലും 360 പേരുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലാജയിലുകളുടെ സ്ഥിതിയും സമാനമാണ്.
കണ്ണൂര്‍ സെന്‍ടല്‍ ജയിലില്‍ 986 പേരെ പാര്‍പ്പിക്കാനാണ് അനുമതിയെങ്കിലും 1025 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 563 അന്തേവാസികള്‍ക്കുള്ള ജയിലില്‍ 1005 പേരാണ് കഴിയുന്നത്.
റിമാന്‍ഡ് തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതും ജയിലുകളെ ബാധിക്കുന്നുണ്ട്. വിവിധ ജയിലുകളിലായി നിലവില്‍ 9882 പേരുള്ളതില്‍ കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷ അനുഭവിക്കുന്നവര്‍ 3555 പേരാണ്. 4663 പേരും റിമാന്‍ഡ് തടവുകാരാണ്.
സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുന്നതും തടവുകാരുടെ എണ്ണം അധികമാവുന്നതിനു കാരണമാകുന്നു. പത്തനംതിട്ട ജില്ലാ ജയില്‍ നവീകരണത്തിന്റെ ഭാഗമായി അടച്ചിരിക്കുന്നതിനാല്‍ അവിടെ എത്തിക്കേണ്ടവരെ മറ്റിടങ്ങളിലേക്കാണ് മാറ്റുന്നത്. ഇതും പ്രശ്നമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
തടവുകാരുടെ എണ്ണം അനുവദിക്കപ്പെട്ടതിനെക്കാള്‍ അധികമാകുന്ന സാഹചര്യത്തില്‍ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഒരു ജയില്‍കൂടി നിര്‍മിക്കാനുള്ള ആലോചനയുണ്ട്. ഇതിനായുള്ള പ്രാഥമികപഠനങ്ങള്‍ക്ക് തുടക്കമായി. എല്ലാ ജയിലുകളിലെയും തടവുകാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.