തിരുവനന്തപുരം: എഐ ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പണം ലഭിക്കാത്തതിനാല്‍ പിഴയടക്കേണ്ട ചെല്ലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. പണമില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകള്‍ നിര്‍ത്തിവെക്കുമെന്ന് കെല്‍ട്രോണ്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഗതാഗതമന്ത്രിയായി ഗണേഷ് കുമാര്‍ ചുമതലയേറ്റതിന് ശേഷം ആദ്യം പരിഹരിച്ചത് കെല്‍ട്രോണിന് നല്‍കാനുള്ള പണത്തിന്റെ കാര്യമാണ്.
ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണ്‍ ചെലവാക്കിയ പണം മൂന്നു മാസത്തിലൊരിക്കല്‍ ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ പത്രം. പദ്ധതിയില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തി. ആദ്യ ധാരണാ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നല്‍കണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ആദ്യ ഗഡു കെല്‍ട്രോണിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കിയില്ല.
726 ക്യാമറയുടെ പദ്ധതിയില്‍ 692 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ പിഴത്തുക കുറച്ച് 9.39 കോടി നല്‍കിയാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചു.
പണം ആവശ്യപ്പെട്ട് നാലു കത്തുകള്‍ കെല്‍ട്രോണ്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. 14 കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും, അവിടെയുള്ള 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാനയക്കാനുള്ള ചെലവുമൊക്കെയായി 7 കോടി കൈയില്‍ നിന്നും ചെലവായി എന്നാണ് കെല്‍ട്രോണ്‍ അറിയിച്ചത്. ഇനി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കില്ലെന്നും കെല്‍ട്രോള്‍ കത്തില്‍ സൂചിപ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ആദ്യ ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചത്.