കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയിട്ടുള്ള 12,000 പേജുകളുള്ളതാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം.
ഇന്ന് ഉച്ചയോടെ ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വലിയ തോതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡി കുറ്റപത്രം.
സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. അന്വേഷണത്തിനിടെ ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന്‍ പി സതീഷ് കുമാര്‍, ഇടനിലക്കാരന്‍ പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി ആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റെ സി കെ ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കാനൊരുങ്ങുന്നത്.