തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗന്റേയും മകന്‍ അഖില്‍ ജിത്തിന്റേയും ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി പിഎംഎല്‍എ കോടതിയാണ് ഇരുവരുടേയും ഹര്‍ജി പരിഗണിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ തങ്ങള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും തങ്ങളെ വ്യാജമായിട്ടാണ് പ്രതി ചേര്‍ത്തതെന്നുമാണ് ഇവരുടെ വാദം.
ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ നവംബര്‍ 21 നാണ് കേസില്‍ ഭാസുരാംഗനെയും അഖില്‍ ജിത്തിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്.
ഇരുവരുടേയും റിമാന്‍ഡ് കാലവധിയും ഇന്ന് അവസാനിക്കും. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത് നേതാക്കളുമായി ബന്ധമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുടെ വാദം.
അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗന്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. മകന്‍ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.