സെക്രട്ടറി സ്ഥാനം രാജിവെക്കില്ലെന്ന് കാനം രാജേന്ദ്രൻ; മൂന്ന് മാസത്തേക്കു അവധി അപേക്ഷ നൽകി

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രൻ. ഇദ്ദേഹം മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകിയിട്ടുണ്ട്. 30ാം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതി അവധി അപേക്ഷ പരിഗണിക്കും.

author-image
Hiba
New Update
സെക്രട്ടറി സ്ഥാനം രാജിവെക്കില്ലെന്ന് കാനം രാജേന്ദ്രൻ; മൂന്ന് മാസത്തേക്കു അവധി അപേക്ഷ നൽകി

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രൻ. ഇദ്ദേഹം മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകിയിട്ടുണ്ട്. 30ാം തീയതി ചേരുന്ന സംസ്ഥാന നിർവാഹക സമിതി അവധി അപേക്ഷ പരിഗണിക്കും. കൂട്ടായ നേതൃത്വം പാർട്ടിയെ നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്.

അതേസമയം ആരോഗ്യ പ്രശ്‌നങ്ങൾ മൂലം സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാനത്തെ പദവിയിൽ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമാണ്. എന്നാൽ ഇക്കാര്യം ദേശീയ നേതൃത്വത്തെ ആര് അറിയിക്കുമെന്ന കാര്യത്തിൽ പാർട്ടി ആശയക്കുഴപ്പത്തിലാണ്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് ഇതിനു മുന്നിട്ടിറങ്ങിയതെങ്കിലും ഇപ്പോൾ ആരും തയ്യാറല്ല. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് കാനം മാറണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിന്റെ പ്രതീക്ഷ.

പ്രമേഹം മൂർച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാനത്തിന് പകരം മറ്റൊരാൾ വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ ഉയരുന്നത്. തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ, കെ പ്രകാശ് ബാബു എന്നിവർ വിഷയം നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാൻ സാധ്യത ഇല്ല. പാർട്ടിയുടെ രാജ്യത്തെ പ്രധാന ഘടകത്തിന്റെ സെക്രട്ടറിയെ മാറ്റാൻ സ്വമേധയാ ഇടപെടാൻ ജനറൽ സെക്രട്ടറി ഡി രാജക്കും വിമുഖതയുണ്ട്.

പ്രായ പരിധി മാനദണ്ഡത്തെ തുടർന്ന് നേതൃപദവികളിൽ നിന്ന് ഒഴിഞ്ഞ കെ ഇ ഇസ്മയിൽ അടക്കമുള്ളവർ സെക്രട്ടറി മാറണമെന്ന നിലപാടിലാണ്. പകരം സെക്രട്ടറി ആരാകുമെന്ന ചോദ്യവും നേതൃത്വത്തെ കുഴക്കുന്നൂ. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ പി പി സുനീർ പ്രകാശ് ബാബു ബിനോയ് വിശ്വം എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

 
 
 
Kanam Rajendran cpi Secretary