കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലീസ്

പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ ഇനിയും പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി.

author-image
Greeshma Rakesh
New Update
കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ 10 ദിവസം കസ്റ്റഡിയിൽ; വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് പൊലീസ്

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ ഇനിയും പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി.

അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.അതേ സമയം തനിയ്ക്ക് അഭിഭാഷകൻ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതി ഡൊമിനിക് മാർട്ടിൻ.പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി.

പതിനഞ്ച് വർഷത്തിലേറെ കാലം മാർട്ടിൻ ദുബായിൽ ജോലി ചെയ്തിരുന്നു. അതിനാൽ അവിടെയുളള ബന്ധങ്ങൾ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മാർട്ടിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.സ്ഫോടന വസ്തുക്കൾ പല സ്ഥലങ്ങളിൽ നിന്നാണ് മാർട്ടിൻ വാങ്ങിയത്.

എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്? അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങൾ ഇനിയും പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾക്ക് വേണ്ടിയാണ് പൊലീസ് പ്രതിയുടെ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. വൈദ്യപരിശോധന നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവിൽ മാർട്ടിന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

 

kochi kerala police dominic martin kalamassery blast case