മന്ത്രി സജി ചെറിയാനും ജലീലിനും കെസിബിസിയുടെ രൂക്ഷവിമര്‍ശനം

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കളെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. മന്ത്രി നടത്തിയ പരാമര്‍ശം അനുചിതമാണെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ച് വേണം അഭിപ്രായപ്രകടനം നടത്താനെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

author-image
Web Desk
New Update
മന്ത്രി സജി ചെറിയാനും ജലീലിനും കെസിബിസിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാ നേതാക്കളെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. മന്ത്രി നടത്തിയ പരാമര്‍ശം അനുചിതമാണെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ച് വേണം അഭിപ്രായപ്രകടനം നടത്താനെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. വിമര്‍ശിക്കുമ്പോഴും പ്രതിപക്ഷബഹുമാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രീയം വേണമോയെന്നതു പങ്കെടുക്കുന്നവരുടെ ഔചിത്യമാണെന്നും ഫാ.ജേക്കബ് പറഞ്ഞു.

''ഭരണഘടനയെ മാനിക്കാത്തതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് സജി ചെറിയാന്‍. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള നിഘണ്ടു അവരുടെ കയ്യിലുണ്ട്. ഇത്തരം നിഘണ്ടു ഉപയോഗിക്കുന്ന ഒരു സ്‌കൂളില്‍നിന്നു വരുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ട. ക്രൈസ്തവര്‍ ഏത് രാഷ്ട്രീയം സ്വീകരിക്കണം, ഏതു നിലപാട് സ്വീകരിക്കണം എന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല പറയേണ്ടത്. ഏതെങ്കിലും വിരുന്നിനു പോയെന്നതിന്റെ പേരില്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോടാണു ക്രൈസ്തവ സമൂഹത്തിനു ചായ്‌വ് എന്ന് സ്ഥാപിച്ചെടുക്കേണ്ട താല്‍പ്പര്യം എന്താണ്.ഫാ. ജേക്കബ് പാലക്കാപ്പിള്ളി ചോദിച്ചു.

ക്രൈസ്തവര്‍ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാന്‍ രാജ്യത്തെ പ്രധാനമന്ത്രി ആദ്യമായിട്ട് വിളിക്കുന്ന വിരുന്ന് സത്കാരമാണ്. അതില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടതില്ല. അത് രാജ്യത്തോടുള്ള ക്രൈസ്തവരുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.ആദ്ദേഹം പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവര്‍ക്ക് അത്ര സ്വീകാര്യമല്ലെന്നും പ്രസ്താവനയോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ നീരസമാണ് വ്യക്തമാക്കിയതെന്നും ഫാ.ജേക്കബ് പറഞ്ഞു.

കെസിബിസി കഴിഞ്ഞദിവസം ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുസ്ലിം ലീഗ് അധ്യക്ഷനും പങ്കെടുത്തിരുന്നു. ഇതിനെ വിമര്‍ശിച്ച് കെ ടി ജലീല്‍ രംഗത്തു വന്നിരുന്നു. ഇതിനെയും കെസിബിസി വക്താവ് വിമര്‍ശിച്ചു.

പാര്‍ട്ടി നേതാക്കളെല്ലാം ഒരേ നിഘണ്ടു ഉപയോഗിക്കുന്നതു കൊണ്ടാകും ഇത്തരത്തില്‍ പ്രതികരിക്കുനന്തെന്നാണ് കെസിബിസി വക്താവ് പറഞ്ഞത്.
അത്തരം പ്രതികരണങ്ങള്‍ ഭരിക്കുന്ന സംവിധാനത്തില്‍നിന്ന് വരുന്നത് ശരിയല്ല. ഇടതുമുന്നണി എതിരാണെന്ന് കെസിബിസി കരുതുന്നില്ല. ചില വ്യക്തികള്‍ സ്ഥാനം മറന്ന് പ്രതികരിക്കുന്നു. അത് മുഴുവന്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കേണ്ടതില്ലെന്നും ഫാ.ജേക്കബ് പറഞ്ഞു.

Latest News saji cheriyan newsupdate KCBC KT jaleel