ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ; സൈനിക-സൈനിക ആശയവിനിമയങ്ങള്‍ ശക്തമാക്കും

സൈനിക-സൈനിക ആശയവിനിമയങ്ങള്‍ ശക്തമാക്കാന്‍ അമേരിക്കയും ചൈനയും തീരുമാനിച്ചു. ഇതിനെ പറ്റിയുള്ള പ്രസ്താവന നടത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ബുധനാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

author-image
Hiba
New Update
ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി ജോ ബൈഡൻ; സൈനിക-സൈനിക ആശയവിനിമയങ്ങള്‍ ശക്തമാക്കും

വാഷിങ്ടൺ: സൈനിക-സൈനിക ആശയവിനിമയങ്ങള്‍ ശക്തമാക്കാന്‍ അമേരിക്കയും ചൈനയും തീരുമാനിച്ചു. ഇതിനെ പറ്റിയുള്ള പ്രസ്താവന നടത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി ബുധനാഴ്ച കാലിഫോര്‍ണിയയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍-ചൈനീസ് പ്രസിഡന്റുമാര്‍ നേരിട്ട് സംസാരിക്കുന്നത്.'ഞങ്ങള്‍ നേരിട്ടുള്ള, തുറന്ന, വ്യക്തമായ ആശയവിനിമയങ്ങളിലേക്ക് മടങ്ങിയെത്തി' എന്നായിരുന്നു ബൈഡന്റ് പ്രതികരണം.

പരസ്പരം നേരിട്ട് ആശയവിനിമയം നടത്താന്‍ ഇരു നേതാക്കളും സമ്മതിച്ചതായും ബൈഡന്‍ പറഞ്ഞു. ഞങ്ങള്‍ നടത്തിയിട്ടുള്ള ഏറ്റവും ക്രിയാത്മകവും ഉല്‍പ്പാദനക്ഷമവുമായ ചര്‍ച്ചകളായിരുന്നു നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ സംഘര്‍ഷങ്ങളെക്കുറിച്ചും ഷി ജിന്‍പിംഗും, ബൈഡനും സംസാരിച്ചു. പ്രകോപനപരമായി നടപടികള്‍ സ്വീകരിക്കരുതെന്ന് ഇറാനെ ഉപദേശിക്കാന്‍ അവര്‍ക്ക് മേലുള്ള സ്വാധീനം ഉപയോഗിക്കാന്‍ ഷിയോട് ബൈഡന്‍ ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംയുക്തമായി പരിശോധിക്കാന്‍ രണ്ട് വന്‍ശക്തികളും സമ്മതിച്ചു. തായ്വാനിനെക്കുറിച്ചും ഇരുനേതാക്കള്‍ക്കുമിടയില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അമേരിക്ക-ചൈന ബന്ധത്തിലെ ഏറ്റവും അപകടകരമായ പ്രശ്‌നമാണ് തായ്‌വാന്‍ എന്ന് ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സമത്വത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-സൈനിക ആശയവിനിമയം പുനഃസ്ഥാപിച്ചതെന്നാണ് ചൈനയുടെ നിലപാട്.

''ലോകസാഹചര്യം രണ്ട് രാജ്യങ്ങള്‍ക്കും വിജയിക്കാന്‍ പര്യാപ്തമാണെന്നും ഒരു രാജ്യത്തിന്റെ വിജയം മറ്റൊന്നിന് അവസരമാണെന്നും ഷി ജിന്‍ പിങ്ങ് അഭിപ്രായപ്പെട്ടു. ഏറ്റുമുട്ടല്‍ ഇരുപക്ഷത്തിനും അസഹനീയമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഷി ചൂണ്ടിക്കാണിച്ചു.

ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ (അപെക്) ഉച്ചകോടിയുടെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.ഇതിനിടെ ചര്‍ച്ചകള്‍ക്ക് ശേഷം ഷിയെ ഒരു ഏകാധിപതിയായി കണക്കാക്കുന്നുവോ എന്ന ചോദ്യത്തിനുള്ള ബൈഡന്റെ മറുപടി ബന്ധങ്ങളിലെ കല്ലുകടി നിലനില്‍ക്കുന്നതിന്റെ സൂചനയായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

'നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭരണരീതിയെ അടിസ്ഥാനമാക്കി ഒരു രാജ്യം ഭരിക്കുന്ന ആളാണെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഒരു ഏകാധിപതിയാണ്' എന്നായിരുന്നു ഷി ഒരു ഏകാധിപതിയാണോ എന്ന ചോദ്യത്തിന് ബൈഡന്‍ നല്‍കിയ മറുപടി.

കഴിഞ്ഞ ജൂണില്‍ ബൈഡന്‍ സമാനമായ അഭിപ്രായം പറഞ്ഞപ്പോള്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ രോഷത്തോടെ പ്രതികരിക്കുകയും അത് 'അങ്ങേയറ്റം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ചൈന അമേരിക്കയുമായുള്ള സൈനിക-സൈനിക ആശയവിനിമയം വിച്ഛേദിച്ചത്. 25 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഒരു അമേരിക്കന്‍ സ്പീക്കര്‍ തായ്‌വാനിലെത്തിയത്.

പെലോസിയുടെ സന്ദര്‍ശനത്തില്‍ ചൈന അതൃപ്തി പ്രകടിപ്പിക്കുകയും തയ്‌വാനുമായുള്ള സൈനിക ബന്ധങ്ങള്‍ നിര്‍ത്താന്‍ ചൈന അമേരിക്കയെ ചൈന താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിട്ടതോടെ ബന്ധം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. അമേരിക്ക-ചൈന ബന്ധം വഷളായ സാഹചര്യത്തില്‍ കഴിഞ്ഞ ജൂണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈന സന്ദര്‍ശിച്ചിരുന്നു.

അടുത്ത കാലത്ത് സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്നപദവിയുള്ള അമേരിക്കന്‍ പ്രതിനിധിയായിരുന്നു ബ്ലിങ്കന്‍. പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് എന്നിവരുമായി അന്ന് ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 
joe biden Xi Jinping