ഗാസ: ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ സഹായിക്കാമെന്ന് ഇസ്രായേല്‍ സൈന്യം സമ്മതിച്ചതായി റിപ്പോര്‍ട്ട്.സ്ഥലത്തെ ശസ്ത്രക്രിയാ തീയറ്ററില്‍ 20ഓളം നവജാത ശിശുക്കളെ സൂക്ഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്ധനം തീര്‍ന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്‍കുബേറ്ററിലുള്ള രണ്ട് കുഞ്ഞ് അടക്കം 5 രോഗികള്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ആശുപത്രിക്കുള്ളില്‍ അഭയം തേടിയവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇല്ലെന്ന് നേരത്തെ ഒരു ശസ്ത്രക്രിയാ വിദഗ്ധന്‍ പറഞ്ഞിരുന്നു.അതെസമയം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയെ ആക്രമിച്ചെന്ന ആരോപണം ഇസ്രായേല്‍ സൈന്യം നിഷേധിച്ചു.
എന്നാല്‍ പ്രദേശത്തെ ഹമാസുമായുള്ള ഏറ്റുമുട്ടല്‍ ഇസ്രായേല്‍ സമ്മതിച്ചു.ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ നിന്നാണ് ഹമാസ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചു.
അതെസമയം ഗാസ മുനമ്പിലെ ആശുപത്രികളില്‍ കഴിഞ്ഞ 24 മണിക്കൂറായി നിരന്തരമായ ബോംബാക്രമണം ഉണ്ടാകുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എഫ്) എന്ന ചാരിറ്റി സംഘടന പറയുന്നു.
1200 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ ബന്ദികളാകുകയും ചെയ്ത ഹമാസ് ആക്രമണത്തിന് ശേഷമാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചത്. ഗാസയില്‍ ഇതുവരെ 11,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു, അതില്‍ 4,500 ലധികവും കുട്ടികളാണ്.