ന്യൂഡല്‍ഹി: ഹമാസ് ഗ്രൂപ്പിന്റെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന്, ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍ ഹമാസ് യുദ്ധം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.ഓപ്പറേഷന്‍ 'അല്‍-അഖ്സ പ്രളയം' എന്ന് പേരിട്ടിരിക്കുന്ന യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റിനുള്ളില്‍ ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലിന് നേരെ 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്.
ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ ഇസ്രായേലിന്റെ അയണ്‍ ഡോം സിസ്റ്റം വീണ്ടും പ്രവര്‍ത്തനക്ഷമമായി. റോക്കറ്റുകളെ ആകാശത്ത് വെച്ച് നശിപ്പിക്കാന്‍ കെല്‍പുള്ള അത്യാധുനിക സംവിധാനമാണ് അയണ്‍ ഡോം.
എന്താണ് അയണ്‍ ഡോം സിസ്റ്റം?
റോക്കറ്റ് ആക്രമണങ്ങള്‍, മോര്‍ട്ടാറുകള്‍, പീരങ്കി ഷെല്ലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (യുഎവികള്‍) തുടങ്ങിയവയെ ചെറുപരിധിയില്‍ നേരിടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള ഒരു ഗ്രൗണ്ട് ടു എയര്‍ ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് അയണ്‍ ഡോം സിസ്റ്റം.
ഈ വ്യോമ പ്രതിരോധ സംവിധാനത്തിന് ഏകദേശം 70 കിലോമീറ്റര്‍ പരിധിയാണുള്ളത്. ഡിറ്റക്ഷന്‍ ആന്‍ഡ് ട്രാക്കിംഗ് റഡാര്‍, ബാറ്റില്‍ മാനേജ്മെന്റ് ആന്‍ഡ് വെപ്പണ്‍സ് കണ്‍ട്രോള്‍, 20 താമിര്‍ മിസൈലുകളുള്ള മിസൈല്‍ ലോഞ്ചര്‍ എന്നങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഈ സംവിധാനത്തിലുള്ളത്.
2011 മുതല്‍ ഈ സംവിധാനമാണ് ഇസ്രായേലിന്റെ രക്ഷാ കവചം. 2006 ലെ ലെബനന്‍ സംഘര്‍ഷത്തില്‍, ഹിസ്ബുള്ള തൊടുത്തുവിട്ട ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രായേലിന്റെ ഹൈഫ ഉള്‍പ്പെടെ നിരവധി വടക്കന്‍ പ്രദേശങ്ങള്‍ തകര്‍ത്തിരുന്നു. ഈ ആക്രമണമാണ് ഇസ്രായേലിനെ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
അയണ്‍ ഡോമിന്റെ പ്രവര്‍ത്തന രീതി
ഇസ്രായേലിലേക്ക് ഒരു റോക്കറ്റ് തൊടുത്തുവിടുമ്പോള്‍, ഡിറ്റക്ഷന്‍ ആന്‍ഡ് ട്രാക്കിംഗ് റഡാര്‍ ഇത് കണ്ടെത്തി ആയുധ നിയന്ത്രണ സംവിധാനത്തിലേക്ക് വിവരങ്ങള്‍ കൈമാറും. റോക്കറ്റിന്റെ പാത, വേഗത, ലക്ഷ്യം എന്നിവ
കൃത്യമായി ഇവിടെ കണക്ക്കൂട്ടപ്പെടും.
റോക്കറ്റ് ഒരു ജനവാസ മേഖലയിലേക്കോ തന്ത്രപ്രധാനമായ സ്ഥാപനത്തിലേക്കോ നയിക്കുകയാണെങ്കില്‍, ലോഞ്ചര്‍ ഓട്ടോമാറ്റിക് ആയി താമിര്‍ മിസൈല്‍ തൊടുത്തുവിടുകയും, റോക്കറ്റ് വായുവില്‍തന്നെ നിര്‍വീര്യമാക്കുകയും ചെയ്യും.
ഒറ്റ ബാറ്ററിയില്‍ തന്നെ മൂന്ന്-നാല് ലോഞ്ചറുകള്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ 10 ലോഞ്ചറുകള്‍ ഇസ്രായേലിനുണ്ട്. അയണ്‍ ഡോം സിസ്റ്റത്തിന്റെ നിര്‍മ്മാതാക്കളായ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം അവകാശപ്പെടുന്നത് ഇതിന് 90 ശതമാനം കൃത്യത ഉണ്ടെന്നാണ്.
ഇതുവരെ 2,000-ല്‍ അധികം ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതയും ഇവര്‍ അവകാശപ്പെടുന്നു.
ഇത്തവണ സംഭവിച്ചത്?
ഹമാസില്‍ നിന്നുള്ള റോക്കറ്റുകളുടെ പ്രവാഹത്തെത്തുടര്‍ന്ന് വ്യോമ പ്രതിരോധ സംവിധാനത്തിന് ഇത്തവണ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായില്ല.
അയണ്‍ ഡോം സംവിധാനത്തിന്റെ ദൗര്‍ബല്യം കണ്ടെത്തിയാണ് ഇക്കുറി ഹമാസ് ആക്രമിച്ചത്. ഒരു സാല്‍വോ റോക്കറ്റ് ആക്രമണം (കുറഞ്ഞ സമയത്തിനുള്ളില്‍ ഒന്നിലധികം റോക്കറ്റ് വിക്ഷേപണം) നടത്തി ഹമാസ് സിസ്റ്റത്തെ മറികടന്നു. എല്ലാ റോക്കറ്റുകളെയും ഒരേ സമയം നിര്‍വീര്യമാക്കാന്‍
ഡോമിന് കഴിഞ്ഞില്ല. 20 മിനിറ്റിനുള്ളില്‍ 5000 റോക്കറ്റുകളാണ് ഹമാസ് വിക്ഷേപിച്ചത്.
ഹമാസ് തങ്ങളുടെ ക്രൂഡ് റോക്കറ്റ് സാങ്കേതികവിദ്യ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലിലെ പ്രധാന നഗരങ്ങളും ജറുസലേമും വരെ ഹമാസ് റോക്കറ്റ് പരിധിക്കുള്ളിലാക്കി.ഹമാസ് വിക്ഷേപിച്ച ഒരു റോക്കറ്റുകള്‍ താമിര്‍ മിസൈലിനേക്കാള്‍ വില കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012ല്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍, ഗാസ മുനമ്പില്‍ നിന്ന് തൊടുത്തുവിട്ട 400 റോക്കറ്റുകളില്‍ 85 ശതമാനവും തിനിര്‍വീര്യമാക്കിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
2014-ലെ സംഘര്‍ഷത്തില്‍ ഹമാസ് 4,500-ലധികം റോക്കറ്റുകളാണ് പല ദിവസങ്ങളിലായി തൊടുത്തുവിട്ടത്. ഇതില്‍ 800-ലധികം റോക്കറ്റുകള്‍ ഇസ്രായേല്‍ തടയുകയും 735 എണ്ണം വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു.
2021-ല്‍ വ്യോമ ഭീഷണികളെ നേരിടാന്‍ സിസ്റ്റം നവീകരിച്ചതായി ഇസ്രായേല്‍ അറിയിച്ചിരന്നു.
2021 മെയില്‍, രണ്ടാഴ്ച നീണ്ടുനിന്ന ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍, ആദ്യ ദിവസങ്ങളില്‍ 1,000-ലധികം റോക്കറ്റുകളും പിന്നീട് 4,500-ലധികം റോക്കറ്റുകളും പ്രയോഗിച്ചിരുന്നു. ഇതില്‍ 90 ശതമാനം റോക്കറ്റുകളെയും പ്രതിരോധിച്ചതായി ഇസ്രയേല്‍ പറയുന്നു.