ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.
2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടായി.
എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായാണ് സര്‍ക്കാര്‍ ശ്രമം. വികസന പ്രവര്‍ത്തനങ്ങള്‍ ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി.
നാലുകോടി കര്‍ഷകര്‍ക്ക് പി.എം. ഫസല്‍യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കി. പി.എം. കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കി.
ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.