ഇന്ത്യയിലെ 54% സഞ്ചാരികളുടെയും യാത്രയെ സ്വാധീനിക്കുന്നത് അവരുടെ പ്രിയപ്പെട്ട സിനിമകളോ താരങ്ങളോ ഷോകളോ ആണെന്ന് പഠനം. അവധി ആഘോഷിക്കാനുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ 'പ്ലാനിങ്ങില്‍' സോഷ്യല്‍ മീഡിയയും പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ബുക്കിങ്. കോം നടത്തിയ 'ഹൗ ഇന്ത്യ ട്രാവല്‍സ്' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023-ല്‍ വിനോദയാത്രകള്‍ ആസൂത്രണം ചെയ്യുന്ന 44% പേരും പാചക അനുഭവങ്ങളും യാത്രയുടെ ആനന്ദമായി കാണുന്നു എന്ന സവിശേഷതയുമുണ്ട്.
സമൂഹമാധ്യമങ്ങള്‍ സജീവമായതോടെ താരങ്ങള്‍ തങ്ങളുടെ യാത്രാ വിവരങ്ങള്‍ വ്‌ലോഗുകള്‍ ആയി പോസ്റ്റ് ചെയ്യാറുണ്ട്. യാത്ര പോകുന്ന ഇടങ്ങളുടെ വിശദ വിവരവും യാത്രാ ചെലവുമടക്കം ഉള്‍പ്പെടുന്ന ഇത്തരം വ്‌ലോഗുകളാണ് സഞ്ചാരികളെ യാത്ര പോകേണ്ട ഇടവും രീതിയും തിരഞ്ഞെടുക്കാന്‍ സ്വാധീനിക്കുന്നത്.
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ യാത്രാ മുന്‍ഗണനകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യന്‍ യാത്രികര്‍ പങ്കാളിയുമായോ ഭാര്യയുമായോ കുടുംബവുമായോ യാത്ര ചെയ്യാനാണ് കൂടുതല്‍ താല്പര്യപ്പെടുന്നത്.
2030 ഓടെ, യാത്രചെയ്യാനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യാത്രക്കായി ചെലവഴിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യയും ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2019-ല്‍ 150 ബില്യണ്‍ യുഎസ് ഡോളറിന്റെ യാത്രാ ചെലവില്‍ നിന്ന് 2030 ഓടെ 410 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഇന്ത്യന്‍ യാത്രക്കാര്‍ 5 ബില്യണ്‍ യാത്രകള്‍ 2030 ഓടെ പൂര്‍ത്തിയാക്കുമെന്നും കണക്കുകൂട്ടുന്നു.
വരുന്ന ദശാബ്ദത്തെ യാത്രാ വ്യവസായത്തിന്റെ 'സുവര്‍ണ്ണകാലഘട്ടം' എന്നാണ് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്. 2030 ഓടെ ഇന്ത്യക്ക് ഏകദേശം 1,600 വിമാനങ്ങള്‍ ഉണ്ടാകുമെന്നും പഠനം പറയുന്നു.
2022-ല്‍ യാത്ര ചെയ്ത 29% ഇന്ത്യന്‍ സഞ്ചാരികളും 25 ദിവസത്തില്‍ അധികം വരുന്ന യാത്രകളാണ് നടത്തിയിട്ടുള്ളത്.ഇത് മറ്റ് വലിയ വിപണികളെയും മറികടക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2023-ല്‍, ഇന്ത്യന്‍ യാത്രക്കാരുടെ ശരാശരി ട്രിപ്പ് പ്ലാനിംഗ് ഏകദേശം 30 ദിവസമായിരുന്നു. ഇത് രണ്ടാം സ്ഥാനത്തുള്ള ജപ്പാനെ അപേക്ഷിച്ച് വളരെ കുറവാണ്. ജപ്പാനിലെ യാത്രക്കാര്‍ ശരാശരി 57 ദിവസമാണ് യാത്രക്കായി ആസൂത്രണം ചെയ്യുന്നത്.
സര്‍ക്കാര്‍ പിന്തുണ കൂടെ അധികമായാല്‍ ആഭ്യന്തര ടൂറിസത്തില്‍ വന്‍തോതില്‍മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്ത്യയിലെ താമസ സൗകര്യങ്ങള്‍ 2019-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2030-ഓടെ 290,000-ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വിമാന യാത്രാ സൗകര്യങ്ങളും, വിസ നടപടിക്രമങ്ങളുടെ ലഘുകരണവും ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയ ഇടങ്ങളായ ദുബായ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ലണ്ടന്‍, പാരീസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നു.